മലയാളത്തിന്റെ ഇന്നച്ചന് യാത്രാമൊഴി: സംസ്കാരം ഇന്ന്


തൃശൂര്‍: അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.
ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണം.
ഇന്നലെ രാവിലെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയോടെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ നടന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ്, അഭിനേതാക്കളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, സായ് കുമാര്‍, ബിന്ദു പണിക്കര്‍, കുഞ്ചന്‍, ജനാര്‍ദ്ദനന്‍, തെസ്നി ഖാന്‍, സംവിധായകരായ ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍ തുടങ്ങി രാഷ്ട്രീയ- സിനിമാ- സാംസ്‌കാരിക മേഖലയിലെ നിരവധിപ്പേര്‍ അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.