വിവാഹ വാഗ്ദാനം നൽകി അടുപ്പം; യുവതിയെ കൊന്നു കുഴിച്ചു മൂടി. പ്രതിക്ക് ജീവപര്യന്തം


തൃശ്ശുര്‍: അവിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി കൊലപ്പെടുത്തി കുഴിച്ചുമൂടുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.പുന്നയൂര്‍ വില്ലേജ് അകലാട് ദേശത്ത് കണ്ടാണത്ത് വീട്ടില്‍ നൂറുദ്ദീനെ(നൂറു -46) യാണ് ശിക്ഷിച്ചത്.
പുന്നയൂര്‍ വില്ലേജ് അകലാട് ദേശത്ത് കൊല്ലംപറമ്ബ് അബൂബക്കറുടെ അവിവാഹിതയായ മകള്‍ റസിയ(26)യാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആഭരണങ്ങള്‍ കവര്‍ച്ചചെയ്തതിന് മൂന്നു വര്‍ഷം കഠിനതടവുമാണ് തൃശ്ശൂര്‍ ജില്ലാ കോടതി ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കണം.
2013 ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്ബതോടെ യുവതിയെ വീടിന്റെ പുറകുവശത്തുള്ള വിറകുപുരയില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം സമീപസ്ഥലത്തുതന്നെ കുഴിച്ചുമൂടി.
വടക്കേക്കാട് പോലീസ് യുവതിയുടെ മൃതശരീരം സംഭവസ്ഥലത്തുനിന്ന് രണ്ടു ദിവസത്തിനുശേഷം കണ്ടെത്തി. തുടര്‍ന്നാണ് നൂറുദ്ദീന്‍ അറസ്റ്റിലാകുന്നത്. വീട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതി നൂറുദ്ദീന്റെ സുഹൃത്ത് മുസ്തഫ പ്രതിയെ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു കണ്ടെത്തി. ഇയാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കെ.ബി. സുനില്‍കുമാറായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.