തിരുവനന്തപുരത്തെ വീട്ടമ്മയ്ക്കെതിരായ ആക്രമണം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ; വനിതാ കമ്മീഷനും കേസെടുത്തു
തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ നടുറോഡിൽ അജ്ഞാതൻ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ടുപൊലീസുകാരെ സസ്പെൻഡ് ചെയ്തു. രഞ്ജിത്ത്, ജയരാജ് എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 13ന് രാത്രി 10.30ഓടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ, ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തി.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി സതീദേവി പറഞ്ഞു. യുവതിയുടെ തലയിൽ നല്ല പരിക്കേറ്റിട്ടുണ്ട്. പൊലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. വീട്ടമ്മ സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് പറഞ്ഞത് പൊലീസിന് ഭൂഷണമല്ല. പേട്ട പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.