നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20 – ന് ഇടുക്കിയിൽ
ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് ലോൺ മേള.
ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി പി.സി (ക്രെഡിറ്റ് പ്രോസ്സസിങ് സെന്റർ) കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മേള രാവിലെ 10 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരളാ ബാങ്ക് ഡയറക്ടർ കെ.വി ശശി അധ്യക്ഷത വഹിക്കും. നോർക്ക റൂട്ട്സ് പുനരധിവാസപദ്ധതി സംബന്ധിച്ച് സി. ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിക്കും.
പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ +91-7736917333 എന്ന വാട്ട്സ് ആപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. മേള നടക്കുന്ന വേദിയിൽ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും.
രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ് ,ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ,റേഷൻ കാർഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണ് .
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്