പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയം: സംസ്ഥാനതല നിരീക്ഷണ സമിതി
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി. ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നതായി സമിതി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി.
യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കിയില്ലെങ്കിൽ ഇനിയും തീപിടിത്തമുണ്ടാകും. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാൻ കഴിയുന്ന സൗകര്യങ്ങൾ വളരെ കുറവാണ്. ഉള്ള പമ്പ് പോലും ഉപയോഗിക്കാൻ കഴിയില്ല. എവിടെ നിന്നാണ് മാലിന്യം കൊണ്ടുവരുന്നതെന്നതിന്‍റെ കൃത്യമായ വിശദാംശങ്ങൾ പോലും ബ്രഹ്മപുരത്ത് ഇല്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.