ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്‌ക്കണം; കെ എസ് ഇ ബി ഉള്‍പ്പടെ കുടിശിക പിരിവ് രണ്ട് മാസത്തേക്ക് നീട്ടിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല,
സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ സംഭരിച്ച് വയ്‌ക്കരുത്. മതിയായ ഓക്‌സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമില്‍ ഉള്‍പ്പെടുത്തും. കെഎസ്‌ഇബിയും കുടിവെളള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുളള നടപടി നിര്‍ത്തിവയ്‌ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുളള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ലോഡ്‌ജ്, ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സി കള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെ എം എസ് സി എല്‍ , കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികളും, എന്‍.ജി.ഒ കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടോ, സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകള്‍ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിതോടെ ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നതായും ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു