കോവിഡ് നിയന്ത്രണം; തകര്‍ന്നടിഞ്ഞ്
വാഗമണ്‍ ടൂറിസം മേഖല
വാഗമണ്‍: കോവിഡ് നിയന്ത്രണം മൂലം വാഗമണ്ണിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വാഗമണ്ണിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന മൊട്ടക്കുന്ന്, പൈന്‍വാലി, ഓര്‍ക്കിഡേറിയം, അഡ്വഞ്ചര്‍പാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ച് വ്യാപാരം നടത്തി വന്നിരുന്ന നൂറു കണക്കിന് ചെറുകിട വ്യാപാരികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വായ്പയെടുത്തും കടം വാങ്ങിയും ലക്ഷക്കണക്കിന് രൂപയുടെ തേയിലപ്പൊടി, ഹോംമെയിഡ് ഉല്‍പന്നങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടി ഒരു സീസണ്‍ കാത്തിരിക്കുന്ന നേരത്താണ് വില്ലനായി വീണ്ടും കോവിഡിന്റെ രണ്ടാം വരവ്. വ്യാപാരികള്‍ക്ക് പുറമേ ടൂറിസം മേഖലയിലെ അന്‍പതോളം ജീവനക്കാരുടെ കുടുംബങ്ങളും സഞ്ചാരികളെ ആശ്രയിച്ച് ഓഫ്‌റോഡ് പോയിവന്ന ജീപ്പുടമകളുമെല്ലാം ഒരുപോലെ നിരാശയിലാണ്. പല വാഹന ഉടമകളും വായ്പ തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുകയാണ്. റിസോര്‍ട്ടുകളിലെയും ഹോം സേ്റ്റകളിലെയും ജീവനക്കാരുടെ ജീവിതവും പ്രതിസന്ധിയിലാണ്. ടൂറിസ്റ്റുകള്‍ വരാതായതോടെ ചിലത് അടച്ചുപൂട്ടുകയും മറ്റിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ചിലരാകട്ടെ ഒന്നാംഘട്ട കോവിഡ് കാലത്ത് കൂലിപണിക്ക് പോയത് പോലെ രണ്ടാം ഘട്ടത്തും കൂലിപണി തേടിയിറങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ തുടര്‍ന്നാല്‍ മറ്റ് തൊഴില്‍ മേഖല പോലെ വലിയ പ്രതിസന്ധി ടൂറിസം മേഖല നേരിടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ദിവസ ശമ്പളമല്ലാതെ മറ്റാനുകൂല്യങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാരുടെ മുന്നോട്ടുള്ള ജീവിതവും വളരെ ബുദ്ധിമുട്ടിലാണ്.