ലൈഫ് മിഷൻ; ശിവശങ്കറിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിവച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാനാകൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റി.
ഹർജി തിങ്കളാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിശക് കാരണമാണ് മാറ്റിവച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ശിവശങ്കർ, കേസിൽ ഇഡി തന്നെ വേട്ടയാടുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
തന്‍റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കേസിലെ മറ്റ് പ്രതികളെയൊന്നും അറസ്റ്റ് ചെയ്തില്ലെന്നും ശിവശങ്കർ ആരോപിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.