ജനകീയ പ്രതിരോധ ജാഥ സ്വീകരണം 10ന് രാവിലെ ഒമ്പതിന്
കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 10ന് രാവിലെ ഒമ്പതിന് കട്ടപ്പനയില്‍ സ്വീകരണം നല്‍കും. ഹൈറേഞ്ചിലെ സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക്കല്‍ തലങ്ങളില്‍ വിളംബര ജാഥകളും നടത്തി. കട്ടപ്പന ഏരിയയില്‍ നിന്ന് 6000 പേരും ഇടുക്കി ഏരിയയില്‍ നിന്ന് 5000 പേരും വാത്തിക്കുടി പഞ്ചായത്തില്‍ നിന്ന് 1000 പേരും ഉള്‍പ്പെടെ 15,000 പേര്‍ സ്വീകരണത്തില്‍ പങ്കെടുക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അശോക ജങ്ഷനില്‍ നിന്ന് തുറന്ന വാഹനത്തില്‍ ജാഥ ക്യാപ്റ്റന്‍ എം വി ഗോവിന്ദനെയും ജാഥ മാനേജര്‍, അംഗങ്ങള്‍ എന്നിവരെ സ്വീകരിക്കും. ജാഥ ക്യാപ്റ്റന്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിലെ വേദിയിലേക്ക്. 250 വൈറ്റ് വാളന്റിയര്‍മാരുടെ ഇരുചക്ര വാഹന റാലി, 1400 റെഡ് വളന്റിയര്‍മാര്‍, 250 വനിത വളന്റിയര്‍മാര്‍, 3500 വനിതകള്‍, ചെണ്ടമേളം, ബാന്‍ഡ് മേളം, നാസിക് ഡോള്‍, കഥകളി, തെയ്യം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാരൂപങ്ങള്‍ എന്നിവയും ജാഥയില്‍ അണിനിരക്കും. കൂടാതെ കോല്‍കളി, കളരിപ്പയറ്റ് കലാകാരന്‍മാരുടെ പ്രകടനങ്ങളും നടക്കും. ജില്ലയിലെ കലാകാരൻമാർ, പ്രമുഖർ എന്നിവർ ജാഥ ക്യാപ്റ്റനെ വേദിയിൽ സ്വീകരിക്കും.
സമ്മേളനത്തിൽ ജാഥ ക്യാപ്റ്റൻ എംവി ഗോവിന്ദൻ, ജാഥ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക്ക് സി തോമസ്, ജില്ലയിൽ നിന്നുള്ള നേതാക്കളായ എം എം മണി എംഎൽഎ, കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, കെ പി മേരി തുടങ്ങിയവർ സംസാരിക്കും.
രാവിലെ എട്ടുമുതല്‍ പഴയ ബസ് സ്റ്റാന്‍ഡിലെ വേദിയില്‍ ജില്ലയിലെ കലാകാരന്‍മാരുടെ വിവിധ പരിപാടികളും നടക്കും.
രാവിലെ എട്ടിന് റെഡ് വളന്റിയര്‍മാര്‍ പഴയ ബസ് സ്റ്റാന്‍ഡ് മിനി സ്റ്റേഡിയത്തിലെത്തിയ ശേഷം വാഹനങ്ങള്‍ ടിബി ജങ്ഷന്‍ വഴി നഗരസഭ ഓഫീസിന് മുമ്പിലുള്ള സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം. ഇടുക്കി ഭാഗത്തുനിന്നുള്ള പ്രവര്‍ത്തകരെ ഇടുക്കിക്കവലയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ ബൈപാസ് റോഡരികില്‍ പാര്‍ക്ക് ചെയ്യണം. പുളിയന്‍മലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഹകരണ ആശുപത്രിക്കുമുമ്പില്‍ ഇറങ്ങിയ ശേഷം വാഹനങ്ങള്‍ നഗരസഭ സ്റ്റേഡിലെത്തണം. ഇരട്ടയാര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പേഴുംകവല, എസ് എന്‍ ജങ്ഷന്‍, ഇടശേരി ജങ്ഷന്‍ വഴി സഹകരണ ആശുപത്രിക്കുമുമ്പലെത്തി പ്രവര്‍ത്തകരെ ഇറക്കി സ്റ്റേഡിയത്തിലെത്തണം. കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജ്യോതിസ് ജങ്ഷന്‍, പള്ളിക്കവല വഴി ടിബി ജങ്ഷനിലെത്തി പ്രവര്‍ത്തകരെ ഇറക്കി സ്റ്റേഡിയത്തിലെത്തി പാര്‍ക്ക് ചെയ്യണം.
വാര്‍ത്താസമ്മേളനത്തില്‍
റോമിയോ സെബാസ്റ്റ്യന്‍(സംഘാടക സമിതി ചെയര്‍മാന്‍)
വി ആര്‍ സജി(സംഘാടക സമിതി കണ്‍വീനര്‍)
സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോർജ്, എം സി ബിജു എന്നിവർ പങ്കെടുത്തു.