മാധ്യമങ്ങൾക്കെതിരായി സർക്കാർ തലത്തിൽ ആസൂത്രണം നടന്നു: വി ഡി സതീശന്‍
തിരുവനന്തപുരം: മാധ്യമങ്ങളെ വേട്ടയാടാൻ സർക്കാർ തലത്തിൽ ആസൂത്രണം നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്ക് തെറ്റ് പറ്റിയാൽ വിമർശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാൽ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നമെന്നും സതീശൻ ആരോപിച്ചു.
ഫെബ്രുവരി 25ന് പരാതി നൽകിയ എം.എൽ.എ പണി വരുന്നു എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫെബ്രുവരി അവസാനം നിയമസഭയിൽ എം.എൽ.എ നൽകിയ ചോദ്യത്തിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവന്നിരുന്നു. മാർച്ച് മൂന്നിനാണ് ഈ ചോദ്യം നിയമസഭയിൽ വന്നത്. മാർച്ച് രണ്ടിനാണ് കൂത്തുപറമ്പ് സ്വദേശി ഇ-മെയിൽ വഴി കണ്ണൂരിൽ പരാതി നൽകിയത്. മാർച്ച് മൂന്നിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. അന്നുതന്നെ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. അന്നു വൈകുന്നേരം തന്നെ എസ്.എഫ്.ഐ ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. മാർച്ച് നാലിന് വെള്ളയിൽ പോലീസ് കേസെടുത്തു. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി വൻ പോലീസ് സംഘം ഏഷ്യാനെറ്റ് ഓഫീസിൽ പരിശോധന നടത്തുന്നു. ഇത് വളരെ ആസൂത്രിതമായ വിഷയമാണെന്നും സതീശൻ പറഞ്ഞു.