‘മമതയെ പുറത്താക്കാതെ തലമുടി വളർത്തില്ല’; പ്രഖ്യാപനവുമായി കൗസ്തവ് ബാഗ്ചി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം.
“തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ ഞാൻ തലയിൽ മുടി വളർത്തില്ല,” ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കൗസ്തവ് ബാഗ്ചിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തിയിരുന്നു.