വാക്സീൻ ചലഞ്ചിലേക്ക് സ്വർണ മോതിരം വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞു സമ്പാദ്യം നൽകി 6 വയസുകാരി .
നെടുങ്കണ്ടം ∙ മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് സ്വർണ മോതിരം വാങ്ങാൻ സൂക്ഷിച്ചിരുന്ന കുഞ്ഞു സമ്പാദ്യം നൽകി 6 വയസുകാരി. ഉടുമ്പൻചോല ഇടിയാനയിൽ പ്രിൻസ് യമുന ദമ്പതികളുടെ മകളായ ദിയ ഫിലിപ് ആണ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷമായി മോതിരം വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം നൽകിയത്. ദിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി നെടുങ്കണ്ടം എസ് ഐ എ.കെ. സുധീറിനു കുടുക്ക കൈമാറി.
പൊലീസുകാരും ദിയയും ചേർന്ന് പണം ഉടുമ്പൻചോല തഹസിൽദാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി നൽകി. കുടുക്കയിൽ ഒരു വർഷത്തെ ദിയയുടെ സമ്പാദ്യം 1734 രൂപയുണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. അപ്പൂപ്പൻ പണം സൂക്ഷിക്കാൻ ദിയക്ക് കഴിഞ്ഞ ലോക് ഡൗൺ കാലത്ത് സമ്മാനിച്ചതാണ് ചെറിയ കുടുക്ക. മുഖ്യമന്ത്രി സമ്മാനം നൽകുമെന്ന പ്രതീക്ഷയിൽ വീട്ടുമുറ്റത്ത് ദിയ പച്ചക്കറി കൃഷിയും ആരംഭിച്ചിരുന്നു.
ലോക്ഡൗണിൽ വാർത്തകൾ കണ്ടാണ് കൃഷി തുടങ്ങിയത്. കൃഷി നടത്തി എന്നെങ്കിലും മുഖ്യമന്ത്രി സമ്മാനം നൽകുമെന്നാണ് ദിയയുടെ പ്രതീക്ഷ. ഉരുളക്കിഴങ്ങ്, കാരറ്റ്, പയർ എന്നിവയാണ് പ്രധാന കൃഷി. കൃഷിയിൽ നിന്നുള്ള ചെറു വരുമാനവും മാതാപിതാക്കളും വല്യപ്പനും നൽകിയ ചെറിയ തുകകളുമാണ് ദിയ കുടുക്കയിൽ സൂക്ഷിച്ചത്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലും ദിയ താരമായി. ആയിരക്കണക്കിനു പേരാണ് ദിയക്ക് അഭിനന്ദനവുമായെത്തിയത്.