ജി20 ഉച്ചകോടിക്കായി ഒരുക്കിയ പൂച്ചട്ടികൾ മോഷണം പോയി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം


ഗുരുഗ്രാം: മാർച്ച് 1 മുതൽ 4 വരെ ഗുരുഗ്രാമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി കൊണ്ടുവന്ന പൂച്ചട്ടികൾ മോഷണം പോയി. മോഷണം നടത്തിയ രണ്ട് പേരുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചിരുന്ന രണ്ട് പേരാണ് ചെടികൾ മോഷ്ടിച്ചത്. ഇവർ പൂച്ചട്ടികൾ വാഹനത്തിൽ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചത്. ജി 20 ഉച്ചകോടിയുടെ പോസ്റ്റർ സ്ഥാപിച്ച സ്ഥലത്തിന് സമീപം സൂക്ഷിച്ചിരുന്ന പൂച്ചട്ടികളാണ് ഇവർ മോഷ്ടിച്ചത്.
മാധ്യമപ്രവർത്തകനായ രാജ് വർമ്മയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കിയ കാർ ഡ്രൈവർ പട്ടാപ്പകൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ഗുരുഗ്രാം പോലീസ് ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമ്മീഷണറെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തതോടെ ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
മോഷ്ടാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇവർക്കെതിരെ മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കണമെന്നാണ് ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്നത്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടണമെന്നും വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.