പാകിസ്ഥാനിൽ പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിൽ; ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഭരണകൂടം, നട്ടം തിരിഞ്ഞ് ജനങ്ങൾ
അഞ്ച് മാസത്തിനിടെ ആദ്യമായി പാകിസ്ഥാനിലെ പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിലെത്തി.പാക് മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ട് പ്രകാരം സെന്‍സിറ്റീവ് പ്രൈസ് ഇന്‍ഡിക്കേറ്റര്‍ (എസ്പിഐ) അളക്കാനുപയോഗിക്കുന്ന മാനദണ്ഡമായ ഹ്രസ്വകാല പണപ്പെരുപ്പം ഫെബ്രുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ 38.42 ല്‍ നിന്ന് 41.54 ശതമാനമായി ഉയര്‍ന്നു. പണപ്പെരുപ്പത്തിന്റെ ഫലമായി രാജ്യത്ത് ഉള്ളി, ചിക്കന്‍, മുട്ട, അരി, സിഗരറ്റ്, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയരുകയാണ്.
2022 സെപ്തംബര്‍ 8 ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണ് അവശ്യ വസ്തുക്കള്‍ക്കുള്ളത്. 2022 സെപ്തംബര്‍ 8 ന് എസ്പിഐ പണപ്പെരുപ്പം 42.7 ശതമാനമായിരുന്നു. അവശ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമായതോടെ ജനം ആശങ്കാകുലരാണ്. ചെലവ് ചുരുക്കുന്നതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച നിരവധി നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് പ്രതിവര്‍ഷം 200 ബില്യണ്‍ ലാഭിക്കുമെന്ന് അവകാശപ്പെട്ടാണ് പ്രഖ്യാപനങ്ങള്‍.
സ്വന്തം ക്യാബിനറ്റ് അംഗങ്ങളുടെ ആഡംബരം കുറയ്ക്കുവാനാണ് പ്രധാനമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. ഇതിനായി വെള്ളം, വൈദ്യുതി ഉള്‍പ്പടെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ സ്വയം അടയ്ക്കാന്‍ ആവശ്യപ്പെട്ടു, ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാനും, വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാനും, ഭക്ഷണത്തില്‍ ഉള്‍പ്പടെ വിഭവങ്ങള്‍ കുറച്ച് ചെലവ് ചുരുക്കാനുമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.