Idukki വാര്‍ത്തകള്‍
കുട്ടി ഡ്രൈവർമാർക്ക് എതിരെ കട്ടപ്പന പൊലീസ് നടപടി കർശനമാക്കിയതോടെ 4 മാസത്തിനിടെ റജിസ്റ്റർ ചെയ്തത് 5 കേസ്.
നഗരത്തിലും സമീപ പ്രദേശങ്ങളിലും വാഹനവുമായി കറങ്ങി നടന്ന കുട്ടി ഡ്രൈവർമാരാണ് പിടിയിലായത്. ഓട്ടോറിക്ഷയുമായി കറങ്ങി നടന്ന 13 വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. 100 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ച പതിനേഴുകാരനും പിടിയിലായി.
കുട്ടികൾക്ക് വാഹനം കൊടുത്തുവിട്ട ആർസി ഉടമകൾക്ക് എതിരെയാണ് പൊലീസ് കേസ്. 25,000 രൂപ പിഴയും 3 വർഷം തടവുമാണ് ആർസി ഉടമയ്ക്ക് ശിക്ഷ. പിടികൂടിയ വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് 25 വയസ്സ് വരെ ലൈസൻസും ലഭിക്കില്ല. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടത്തിൽപെടുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കട്ടപ്പന പൊലീസ് നടപടി കർശനമാക്കിയത്.