ബിജുവിനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി


ജറുസലം: ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. കൃഷി പഠിക്കാൻ പോയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അത് നിർത്തണമെന്നാണ് എംബസിയുടെ നിർദ്ദേശം. ഇപ്പോൾ കീഴടങ്ങുകയും തിരികെ പോകാൻ തയ്യാറാകുകയും ചെയ്താൽ, വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അല്ലാത്തപക്ഷം ബിജു കുര്യനും അദ്ദേഹത്തെ സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരും. ബിജു കുര്യന് ഇസ്രായേലിൽ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.
വിസ റദ്ദാക്കി ബിജു കുര്യനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. മെയ് മാസത്തിൽ വിസ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് മടങ്ങിയാൽ ഇസ്രായേലിലെ നിയമനടപടി നേരിടേണ്ടി വരില്ല. സർവീസ് കാലാവധി കഴിഞ്ഞ് തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും ഇതിന്‍റെ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും എംബസി അറിയിച്ചു.
ആധുനിക കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് ഒരു കൂട്ടം കർഷകർക്കൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻ തന്നെ ഇന്ത്യൻ എംബസിയെ വിവരമറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ തുടരുകയും ചെയ്തു. അതേസമയം, താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും അന്വേഷണം വേണ്ടെന്നും കാണിച്ച് ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ബിജുവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.