ശസ്ത്രക്രിയക്കിടെ ഉപകരണം മറന്നു വെച്ച സംഭവം : റിപ്പോർട്ട് വൈകുന്നതിൽ യുവതിയുടെ പ്രതിഷേധം
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ പ്രതിഷേധവുമായി ഇരയായ യുവതി.ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതിനെതിരെ തിങ്കളാഴ്ച മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങാനാണ് യുവതിയുടെ തീരുമാനം. 2017-ലാണ് പ്രസവ ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചത്.
പരിശോധനാഫലം വൈകിക്കുന്നത് ആശുപത്രിയിലെ ജീവനക്കാരെ സംരക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം. ജനുവരി 21-നായിരുന്നു കത്രിക ശാസ്ത്രീയ പരിശോധനക്കുവേണ്ടി അയയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന വിവരമാണ് ലഭിച്ചത്. എന്നാല്‍ അതേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വയ്ക്കുകയാണെന്നും യുവതി ആരോപിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം 2022-ലായിരുന്നു മെഡിക്കല്‍ കോളജില്‍ വച്ച് ഉപകരണം പുറത്തെടുത്തത്.
സംഭവത്തില്‍ അഞ്ചുമാസമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരാഹാര സമരം തുടങ്ങാനുള്ള ഹര്‍ഷിനയുടെ തീരുമാനം.