നാടുകാണി ട്രൈബല്‍ ഐ.ടി.ഐയുടെ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുളമാവ്: നാടുകാണി ട്രൈബല്‍ ഐ.ടി.ഐയുടെ ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 44 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഹോസ്റ്റലിലുള്ളത്.ഹോസ്റ്റല്‍ ഇല്ലാത്തതിനാല്‍ താമസിക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റില്‍നിന്ന് ഇടപെട്ട് ഹോസ്റ്റല്‍ തുറക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ഐ.ടി.ഡി.പി പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഐ.ടി.ഐ സ്ഥാപിച്ചിരുന്നു. ഇവിടെ രണ്ട് വര്‍ഷം മുമ്ബാണ് ഹോസ്റ്റലും പുതിയ ക്ലാസ് മുറികളും നിര്‍മിച്ചത്. ഹോസ്റ്റല്‍ നിര്‍മിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കല്‍ വൈകുകയായിരുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കുട്ടികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത്. ആവശ്യത്തിന് ഫര്‍ണിച്ചര്‍ എത്താത്തതാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയത്.
100 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ കഴിയുന്ന ഹോസ്റ്റലും 280 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ കൂടുതല്‍ കോഴ്സുകള്‍ എത്തുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒരു ബാച്ച് ഇലക്‌ട്രീഷന്‍, പ്ലംബര്‍ കോഴ്സുകള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്.
എന്‍.സി.വി.ടി അംഗീകാരമുള്ള രണ്ട് ബാച്ച് വീതമുള്ള ഇലക്‌ട്രീഷന്‍, പ്ലംബര്‍ കോഴ്സുകള്‍ക്കു പുറമെ മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്ബ്യൂട്ടര്‍ ഓപറേറ്റര്‍, സോളാര്‍ ടെക്നീഷന്‍ കോഴ്സും ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.