ഇടുക്കിയിലെ ഒറ്റയാൻ അരിക്കൊമ്പനെ ചിന്നക്കനാൽ 301 കോളനി പരിസരത്തുവെച്ച് മയക്കുവെടി വെക്കാൻ ആലോചന.
കുങ്കിയാനകളെയും ആനയെ കയറ്റി കൊണ്ടുപോകാനുള്ള വാഹനങ്ങളും എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്ന സ്ഥലം എന്ന നിലക്കാണ് 301 കോളനിയെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. . അതേസമയം, മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തി.
അരിക്കൊമ്പനെ പിടിക്കാനുള്ള ഉത്തരവിന്റെ പശ്ചാത്തലത്തിൽ കുങ്കിയാനകളെ എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനയെ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നു വിടാനാണ് ആലോചന. അതല്ലെങ്കിൽ, കോടനാട് ഉള്ള പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. പെരിയാർ കടുവാ സങ്കേതത്തിനാണ് വനം വകുപ്പ് ആദ്യ പരിഗണന നൽകുന്നത്. അതിനിടെ മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും ഒറ്റയാൻ പടയപ്പ ഇറങ്ങി.. നയമക്കാടിന് സമീപം കന്നിമല എസ്റ്റേറ്റിൽ ഇറങ്ങിയ ആന തൊഴിലാളി ലയങ്ങളുടെ ജനൽ ചില്ലുകൾ തകർത്തു. കൃഷിസ്ഥലം നശിപ്പിക്കുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച ആന പുലർച്ചെയാണ് കാടുകയറിയത്. അടുത്തിടെയായി പടയപ്പ അക്രമസ്വഭാവം കാണിക്കുന്നത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്..