ഫോൺ ചോർത്തൽ; ഡൽഹി ഉപമുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിലാണ് നടപടി. കേസിൽ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഫോൺ ചോർത്തലിൽ സിബിഐയുടെ അപേക്ഷ അംഗീകരിച്ച ഡൽഹി ലഫ്.ഗവർണർ വി.കെ.സക്സേന, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിക്കായി നൽകുകയായിരുന്നു.
ഡൽഹി സർക്കാർ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിസോദിയയ്ക്കെതിരെ കേസെടുക്കാനാണു സിബിഐ ശുപാർശ ചെയ്തിരുന്നത്. രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങൾ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. യൂണിറ്റ് രൂപീകരണത്തിന് മേൽനോട്ടം വഹിച്ച സിസോദിയയ്ക്കെതിരെ കേസെടുക്കണമെന്നാണ് സി.ബി.ഐ ഗവർണറോട് ശുപാർശ ചെയ്തത്.
2016ൽ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ രഹസ്യമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എഫ്ബിയുവിന്‍റെ പ്രവർത്തനത്തിനായി സർക്കാർ ഒരു കോടി രൂപ തുടക്കത്തിൽ അനുവദിച്ചിരുന്നു.