ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചിട്ടും വിരിപ്പുകൃഷിയുടെ പണം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നിരാശയില്‍
കോട്ടയം: ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചിട്ടും വിരിപ്പുകൃഷിയുടെ പണം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നിരാശയില്‍.35.60 കോടിയാണ് കര്‍ഷകര്‍ക്ക് കുടിശ്ശിക. 73 കോടിയുടെ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതില്‍ 37.31 കോടിയാണ് വിതരണം ചെയ്തത്. ചങ്ങനാശ്ശേരി താലൂക്കില്‍ മാത്രമാണ് തുക പൂര്‍ണമായി ലഭ്യമായത്.
ജില്ലയില്‍ വിരിപ്പുകൃഷിയെക്കാള്‍ പുഞ്ചകൃഷിയാണ് കൂടുതല്‍. വിരിപ്പുകൃഷിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കര്‍ഷകര്‍ പുഞ്ചകൃഷി ചെയ്യുന്നത്. എന്നാല്‍, കൊയ്ത്ത് തുടങ്ങിയിട്ടും സര്‍ക്കാര്‍ കനിയാത്തത് ഇവരെ ആശങ്കയിലാക്കി. കടം വാങ്ങിയാണ് ഭൂരിഭാഗം പേരും കൃഷിയൊരുക്കം നടത്തിയത്. കൊയ്ത്തുയന്ത്രം കൃത്യസമയത്ത് എത്തിച്ച് വിളവെടുപ്പ് പൂര്‍ത്തിയാക്കലാണ് അടുത്ത ചെലവുള്ള പണി. മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് കൊയ്ത്തുയന്ത്രം എത്തിക്കുന്നത്.
സ്ഥിരമായി വരുന്നവരായതിനാല്‍ കൊയ്ത്തിനു ശേഷമാണ് പണം നല്‍കിയിരുന്നത്. കൊയ്ത്തുയന്ത്രങ്ങള്‍ക്ക് പമ്ബുകളില്‍നിന്ന് ഡീസലും കടം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ ഇഴയുന്നതിനാല്‍ പണം മുന്‍കൂട്ടി നല്‍കണമെന്നാണ് കൊയ്ത്തുയന്ത്രത്തിന്‍റെ ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പമ്ബുകളില്‍നിന്ന് ഡീസല്‍ കടം നല്‍കുന്നതും നിര്‍ത്തിവെച്ചു.
നേരത്തേ ബുക്ക് ചെയ്തില്ലെങ്കില്‍ മാര്‍ച്ചില്‍ കൊയ്ത്ത് സജീവമാകുന്നതോടെ യന്ത്രങ്ങള്‍ കിട്ടാത്ത അവസ്ഥ വരും. പിന്നീട് വാടക ഉയര്‍ത്തുകയും ചെയ്യും. മണിക്കൂറിന് 2000 രൂപവരെ ഇപ്പോള്‍ ഈടാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൊയ്ത്തുയന്ത്രമുണ്ടെങ്കിലും ഭൂരിഭാഗവും കട്ടപ്പുറത്താണ്. കൊയ്ത്തുകാലത്ത് കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള യന്ത്രങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് ആശ്രയം.
‘സംസ്ഥാന വിഹിതം വര്‍ധിപ്പിക്കണം’
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നെല്ലിനു നല്‍കുന്ന അടിസ്ഥാന വില വര്‍ധിപ്പിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെകട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു. അരിവിലയില്‍ വന്‍വര്‍ധന വന്നപ്പോഴും രണ്ടുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ വില കൂടിയിട്ടില്ല. നിലവില്‍ 28.20 പൈസയാണ് ഒരു കിലോ നെല്ലിനു കിട്ടുന്നത്.
ഇതില്‍ 20.40 രൂപ കേന്ദ്രവിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചാല്‍ നെല്ലിന് 30 രൂപവരെ കര്‍ഷകനു കിട്ടും. എല്ലാ വര്‍ഷവും ബജറ്റില്‍ നെല്ല് സംഭരണത്തിനു തുക വകയിരുത്താറുണ്ട്. ഇത്തവണ അതുണ്ടാകാതിരുന്നതും കര്‍ഷകന് തിരിച്ചടിയായെന്ന് എബി ഐപ്പ് പറഞ്ഞു.
താലൂക്കുകളില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ള കുടിശ്ശിക
കോട്ടയം -20.07 കോടി
വൈക്കം -15.35 കോടി
കാഞ്ഞിരപ്പള്ളി -31 ലക്ഷം
മീനച്ചില്‍ -15.04 ലക്ഷം