ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വീടിന് മുന്നിൽ പാർട്ടി പ്രവർത്തകരുടെ നിര
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇൻ സാഫ് നേതാവുമായ ഇമ്രാൻ ഖാന്‍റെ ലാഹോറിലെ വീടിന് മുന്നിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. നൂറുകണക്കിന് അനുഭാവികളും പാർട്ടി പ്രവർത്തകരും അറസ്റ്റിനെതിരെ വീടിന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്.
ജാമ്യം റദ്ദാക്കിയതിന് ശേഷം, സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ ആഡംബര വസതിക്ക് പുറത്തുള്ള റോഡിൽ പൊലീസ് വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പദ്ധതിയിടുന്നുവെന്ന വാർത്ത പരന്നതോടെ പാർട്ടി പ്രവർത്തകർ വലിയ തോതിൽ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേസമയം പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് പ്രതിഷേധിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി ഇമ്രാൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ ലാഹോർ ഹൈക്കോടതിയും വ്യാഴാഴ്ച തള്ളി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്താൽ രാജ്യം മുഴുവൻ തെരുവിൽ ഇറങ്ങുമെന്ന് പിടിഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
ഇമ്രാൻ ഖാൻ അയോഗ്യനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങൾ പാകിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ വാസിറാബാദിൽ നടന്ന റാലിക്കിടെ നടന്ന വധശ്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചിക്കുകയായിരുന്നു. ഇമ്രാൻ ഖാന് കോടതിയിൽ ഹാജരാകാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അത് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി രാജാ ജവാദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹം സുഖം പ്രാപിച്ചിട്ടില്ലെന്നും അതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒരു ഇളവ് കൂടി അനുവദിക്കണമെന്നും ഇമ്രാൻ ഖാന്‍റെ അഭിഭാഷകൻ ബാബർ അവാൻ കോടതിയിൽ വാദിച്ചു. ഇത് അംഗീകരിക്കാൻ വിസമ്മതിച്ച ജഡ്ജി ഇമ്രാൻ ഖാനെപ്പോലുള്ള ഒരാൾക്ക് ഒരു സാധാരണ മനുഷ്യന് നൽകുന്നതിനേക്കാൾ കൂടുതൽ ഇളവ് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഹാജരാകാതിരുന്നതോടെയാണ് ഇമ്രാൻ ഖാന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയത്.