കോൺഗ്രസിൽ അഴിച്ചുപണി; കൂടുതൽ നിർദ്ദേശങ്ങളുമായി ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അൽപ്പം പോലും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ. ടീമിനെ മാറ്റണമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെയും അഭിപ്രായം. അതേസമയം പ്രസിഡന്‍റിനെയും മാറ്റണമെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ടെങ്കിലും ഒരു കാരണവുമില്ലാതെ മാറ്റിയാൽ പാർട്ടി ക്ഷീണിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കൊച്ചിയിൽ നടക്കുന്ന ഹാത് സെ ഹാത്ത് ജോഡോ അഭിയാന്‍ പരിപാടിക്ക് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവർ ആലപ്പുഴയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. സംഘടനാ ദൗർബല്യമായിരുന്നു പ്രധാന ചർച്ചാവിഷയം. കെ.പി.സി.സി പ്രസിഡന്‍റിനോടും പ്രതിപക്ഷനേതാവിനോടും കൂടുതൽ ഏകോപിതമായി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പ്രകടനം കാഴ്ചവച്ച അഞ്ചിലധികം ഡിസിസി പ്രസിഡന്‍റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനം അടുത്തിരിക്കെ സംസ്ഥാനത്ത് ഒഴിവുള്ള എ.ഐ.സി.സി അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.