ആർഎസ്എസുമായി ചർച്ച;’കേന്ദ്രസർക്കാരിനെ നയിക്കുന്ന സംഘടനയുമായി സംസാരിക്കില്ലെന്ന നിലപാട് ബുദ്ധിയല്ലെ’ന്ന് ജമാഅത്തെ ഇസ്‌ലാമി
തിരുവനന്തപുരം: സുപ്രധാനമായ രാഷ്ട്രീയ നീക്കമെന്ന് കരുതാവുന്ന തരത്തിൽ ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്‍ലാമി സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്നും ‘ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറിആരിഫ് അലി വ്യക്തമാക്കി.മറ്റ് മുസ്ലീം സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെയും ഹിന്ദു രാഷ്ട്ര സങ്കല്പത്തെയും അതിശക്തമായി എതിർത്തു വരുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു ഉന്നത തലനേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.എസ്.എസിനെ അംഗീകരിച്ചോ
ഞങ്ങൾ ചർച്ചകളിൽ വിശ്വസിക്കുന്നു, സമൂഹത്തിലെ ഒരു വിഭാഗവുമായും ഇടപഴകുന്നതിൽ ഒരു തടസ്സവും തോന്നിയിട്ടില്ല. മുസ്ലീം സംഘടനകളുമായുള്ള ഈ ചർച്ചയിലൂടെ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ആർഎസ്എസ് തെളിയിച്ചിരിക്കുകയാണ്. അതാണ് സത്യം. എന്നിരുന്നാലും, ചർച്ച വ്യക്തിപരവും സംഘടനാപരവുമായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത് എന്ന നിലപാടിൽ ഞങ്ങൾക്ക് വ്യക്തത ഉണ്ടായിരുന്നു.ഇന്ത്യൻ പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെങ്കിൽ പിന്മാറാനും തീരുമാനിച്ചിരുന്നു.
മുൻവിധിയോടെ നിലപാട് ബുദ്ധിയല്ല
ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ പേരിൽ പൊതു സമൂഹത്തിലും കേരളത്തിലും എന്തെങ്കിലും തിരിച്ചടി പ്രതീക്ഷിക്കുന്നില്ല.ജമാഅത്തെ ഇസ്ലാമി വ്യക്തമായ പരിപാടികളുള്ള ഒരു സംഘടനയാണ്.യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ഉന്നതതലത്തിൽ ചർച്ച ചെയ്തു നിലപാട് കേഡറുകളെ അറിയിച്ചു. കേന്ദ്രത്തിൽ സർക്കാരിനെ നയിക്കുന്ന ഒരു സംഘടനയുമായി സംസാരിക്കില്ല എന്ന നിലപാട് മുൻവിധിയോടെ സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്ന് കരുതുന്നു’ അദ്ദേഹം പറഞ്ഞു .
സി.പി.എമ്മും ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളും സംസാരിച്ചത് തെറ്റായിരുന്നോ
ആർഎസ്എസുമായി ഒരു സംഘടനയും നടത്തുന്ന സംവാദം മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും വ്യതിചലിക്കരുതെന്നാണ് നിലപാട് എന്ന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എമ്മും ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളും തമ്മിലുള്ള ചർച്ചകളെ രൂക്ഷമായി വിമർശിച്ചതിനെ പരാമർശിച്ച് ആരിഫ് അലി വ്യക്തമാക്കി.
ചർച്ചകളുടെ ഭാവി
നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു ഉന്നത തലനേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും ആരിഫ് അലി വ്യക്തമാക്കി..