മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
ജയ്പുർ: മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ മന്ത്രം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണെന്നും, ഈ എക്സ്പ്രസ് ഹൈവേ വികസ്വര ഇന്ത്യയുടെ മികച്ച ചിത്രമാണെന്നും മോദി പറഞ്ഞു.
ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നടത്തിയ നിക്ഷേപവും പുതിയ മെഡിക്കൽ കോളേജുകൾ തുറക്കുന്നതും വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായശാലകൾക്കും കരുത്ത് പകരും. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് പോകുന്ന ഒരാൾക്ക് ഇപ്പോൾ അത് പൂർത്തിയാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങാൻ കഴിയും എന്നും മോദി പറഞ്ഞു. അതിവേഗ പാത എത്തുമ്പോൾ അതിന് ചുറ്റുമുള്ള ബിസിനസുകളും അതിലൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, ഗജേന്ദ്ര സിങ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി.