ഹരിത ഇന്ധനത്തിലേക്ക് കെഎസ്ആർടിസി; 1000 ഇലക്ട്രിക് ബസുകള്‍ കേന്ദ്രം നല്‍കും
തിരുവനന്തപുരം: ഹരിത ഇന്ധനത്തിലേക്ക് പൂർണമായും മാറുക എന്ന കെ.എസ്.ആർ.ടി.സിയുടെ സ്വപ്നത്തിന് ചിറക് നൽകാൻ 1690 ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറക്കും. കേന്ദ്രസർക്കാരിന്റെ രണ്ട് പദ്ധതികളിലൂടെ 1000 ബസുകൾ നൽകും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭ്യമാകും.
ഡ്രൈവർമാർ ഉൾപ്പെടെയുള്ള 750 ദീർഘദൂര ബസുകൾ കേന്ദ്രം പാട്ടത്തിനാകും നൽകുക. നഗരകാര്യ വകുപ്പിന്‍റെ ഓഗ്മെന്‍റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിന് കീഴിൽ 250 ബസുകൾ സൗജന്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക.
ബസുകൾക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഇത്തരം ബസുകൾക്ക് ശരാശരി ഒരു കോടി രൂപയാണ് ചെലവ് വരുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ കഴിയും. സിറ്റി സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾ ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കും.