മലപ്പുറം DCC പ്രസിഡന്‍റും നിലമ്പൂരിലെ UDF സ്ഥാനാത്ഥിയുമായിരുന്ന Advct VV പ്രകാശ്(56) അന്തരിച്ചു
മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായ പ്രകാശ് കെഎസ്‌യുവിലെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്‌യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കോഴിക്കോട് ഗവ. ലോ കോളജിൽനിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.
എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കളാണ്.