വില വ്യത്യാസം കാരണം സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇന്ധന വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായതായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍
കാസര്‍കോട്: വില വ്യത്യാസം കാരണം സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇന്ധന വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായതായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍.ബജറ്റില്‍ നിര്‍ദ്ദേശിച്ച വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ ഡീസലിന് പതിനൊന്ന് രൂപയും പെട്രോളിന് എട്ടര രൂപയും കുറവു വരും. ഇതോടെ പ്രതിസന്ധി രൂക്ഷമാവുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
കേരളത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ നിലവില്‍ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും കുറവാണ്. ഈ വില കുറവ് പ്രയോജനപ്പെടുത്തി വ്യാപാരം വര്‍ധിപ്പിക്കുകയാണ് അതിര്‍ത്തികളിലെ പെട്രോള്‍- ഡീസല്‍ പമ്ബുകള്‍. ഇതിനായി കൂറ്റന്‍ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാരണം സംസ്ഥാനത്തെ പമ്ബുകളില്‍ വ്യാപാരം പകുതിയായി കുറഞ്ഞു. കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ വില വര്‍ധനവ് കാരണം സംസ്ഥാനത്ത് നിന്ന് ഇന്ധനം നിറക്കാറില്ല. അന്തര്‍ സംസ്ഥാന ടാക്സികളും കേരളത്തിന് പുറത്തു നിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതോടെ വര്‍ധിപ്പിച്ച സെസ്സിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി തുക ടാക്‌സിനത്തില്‍ സര്‍ക്കാറിന് നഷ്ടമാക്കുന്നതായി അസോസിയേഷന്‍ പറയുന്നു. ഇന്ധന വില നിയന്ത്രിച്ച് വില്പന വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് നികുതി വരുമാനം വര്‍ധിപ്പിക്കാനാവും. ഇതിനായി നടപടി ഉണ്ടാവണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.