വേനൽമഴയിൽ കാറ്റും ഇടിയും മിന്നലും: നനഞ്ഞും ഭയന്നും കോട്ടമലയിലെ തോട്ടംതൊഴിലാളികൾ
ഉപ്പുതറ : ശക്തമായ വേനൽമഴയോടൊപ്പമുണ്ടാകുന്ന കാറ്റും, ഇടിമിന്നലും കോട്ടമലയിലെ തോട്ടം തൊഴിലാളികളുടെ ഉറക്കംക്കെടുത്തുന്നു. നനഞ്ഞൊലിക്കുന്ന ലയങ്ങളുടെ മേൽക്കൂര ഏതുനിമിഷവും നിലംപൊത്തുമോ എന്ന ഭയപ്പാടിലാണിവർ. മുൻ വർഷങ്ങളിൽ മഴയും, കാറ്റും, ഇടിമിന്നലും ഇവർക്കുണ്ടാക്കിയ നഷ്ടങ്ങളാണ് ഇവരെ ഭീതിയിലാക്കുന്നത്.
എം.എം.ജെ. പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള കോട്ടമല എസ്റ്റേറ്റിലെ ഒന്ന്, രണ്ട്. മൂന്ന് ഡിവിഷനുകളിലായി 1000-ത്തോളം കുടംബങ്ങളാണുള്ളത്. പ്രതിസന്ധിയെ തുടർന്ന് 2002-ൽ തോട്ടം പൂട്ടുന്നതിനും വർഷങ്ങൾക്കു മുൻപാണ് ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയത്.
ഇതിനിടെ അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്ന കുറേ ലയങ്ങൾ പൂർണമായും നിലംപൊത്തി. ഇവരെല്ലാം എസ്റ്റേറ്റ് വക മിച്ചഭൂമിയിലും, മറ്റു ലയങ്ങളോട് ചേർന്ന് പടുതകൊണ്ട് കെട്ടിമറച്ച കുടിലുകളിലാണ് താമസിക്കുന്നത്.
15 ലയങ്ങൾ ഭാഗികമായി തകർന്നുവീണു. അവശേഷിക്കുന്ന ഭാഗങ്ങളിൽ ഭീതിയോടെയാണ് തൊഴിലാളികൾ കഴിഞ്ഞുകൂടുന്നത്. മറ്റു ലയങ്ങളും ചോർന്നൊലിക്കുകയാണ്.
മേൽക്കൂരയും, ഭിത്തിയും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുകളിൽ പടുത വലിച്ചുകെട്ടി, കമ്പും, കഴയും ഉപയോഗിച്ച് മേൽക്കൂര താങ്ങിനിർത്തിയുമാണ് പലരും ലയത്തിനുള്ളിൽ കഴിയുന്നത്. ആകാശം കറുത്തിരുണ്ടാൽ പിന്നെ ഇവർ ഭീതിയിലാണ്.
റോഡ്, ശുദ്ധജലം, പ്രാഥമിക ചികിത്സ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഇവർക്ക് അന്യമാണ്. സംയുക്ത തൊഴിലാളി യൂണിയനുകൾ വീതിച്ചുനൽകിയ തേയിലച്ചെടികളിൽനിന്നു നുള്ളിയെടുക്കുന്ന നാമമാത്രമായ പച്ചക്കൊളുന്തു വിറ്റാണ് ഇവർ നിത്യവൃത്തിക്കു വകതേടുന്നത്.
കുടുംബത്തെ സഹായിക്കാൻ പഠനം നിർത്തി അന്യദേശങ്ങളിൽ കൂലിപ്പണിക്കു പോയവരുമുണ്ട്. 1000-ത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നതിൽ 400-ഓളം പേർ പെൻഷനായി. ഇവർക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. തോട്ടം തുറക്കുമെന്ന പ്രതീക്ഷയും ഇവർക്കില്ല.