നേതൃപദവികൾ തീരുമാനിച്ചതിനു പിന്നാലെ കേരള കോൺഗ്രസിൽ ഭിന്നത. കേരള കോൺഗ്രസ് യോഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു
തൊടുപുഴ ∙ നേതൃപദവികൾ തീരുമാനിച്ചതിനു പിന്നാലെ കേരള കോൺഗ്രസിൽ ഭിന്നത. പി.ജെ. ജോസഫും പി.സി. തോമസും മോൻസ് ജോസഫും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ നിന്ന് മുൻ എംപി ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു. തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അവമതിപ്പുളവാക്കുന്ന തരത്തിലായെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം.
ഡപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല, പാർട്ടിയുടെ വ്യവസ്ഥാപിത നിലപാടിൽ നിന്ന് വ്യതിയാനമുണ്ടായി, മോൻസ് ജോസഫിനെ എക്സിക്യൂട്ടീവ് ചെയർമാനാക്കിയത് അറിഞ്ഞില്ല എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇത്തവണ ഇടുക്കി നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ഫ്രാൻസിസ് ജോർജ്. എൽഡിഎഫിൽ നിന്നാണ് ഫ്രാൻസിസ് ജോർജ്, ജോസഫ് ഗ്രൂപ്പിൽ തിരിച്ചെത്തിയത്. പാർട്ടിയിലെ രണ്ടാം സ്ഥാനത്തെച്ചൊല്ലി മോൻസ് ജോസഫും ഫ്രാൻസിസ് ജോർജും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.
തിരഞ്ഞെടുപ്പുവേളയിൽ പി.ജെ.ജോസഫ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നപ്പോൾ സീറ്റ് വിഭജന ചർച്ചയിലടക്കം പങ്കെടുത്തത് മോൻസ് ജോസഫായിരുന്നു. കേരള കോൺഗ്രസ് ലയനത്തിനായുള്ള ചർച്ചകളിലും മോൻസായിരുന്നു മുൻപന്തിയിൽ. ഇതും പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നതിനു കാരണമായി. പി.ജെ. ജോസഫ് കഴിഞ്ഞാൽ പാർട്ടിയിലെ പ്രബലൻ മോൻസ് ജോസഫാണ് എന്ന പ്രചാരണവുമുണ്ടായി. ഇതും ഫ്രാൻസിസ് ജോർജിന്റെ അതൃപ്തിക്കു കാരണമായെന്നാണ് പാർട്ടിയിൽ നിന്നു ലഭിക്കുന്ന വിവരം.
പുതിയ നേതൃനിര രൂപീകരിച്ചപ്പോൾ മോൻസ് ജോസഫിനായി എക്സിക്യൂട്ടീവ് ചെയർമാൻ എന്ന പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തു. അതേസമയം തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്കൊപ്പം ഡപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് ഫ്രാൻസിസ് ജോർജിനു നൽകിയത്. പി.സി.തോമസുമായുള്ള ലയനത്തിനു ശേഷം ചില ക്രമീകരണങ്ങൾ ചെയ്യേണ്ടി വന്നെന്നും ഫ്രാൻസിസ് ജോർജുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നുമാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ പ്രതികരണം.
Source : manoramaonline.com