രണ്ടാം ലോകമഹായദ്ധ ഭീകരതകള്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആയുധ ശേഖരവുമായാണ് റഷ്യ-ഉക്രൈന്‍ യുദ്ധം മുന്നേറുന്നത്
രണ്ടാം ലോകമഹായദ്ധ ഭീകരതകള്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ആയുധ ശേഖരവുമായാണ് റഷ്യ-ഉക്രൈന്‍ യുദ്ധം മുന്നേറുന്നത്. ഉക്രൈന് ആയുധവും ധനവും നല്കിയ അമേരിക്ക പിന്നില്‍ നിന്ന് സഹായിക്കുന്നതിന് പുറമേ നാറ്റോ സഖ്യം കൂടി യുദ്ധമുഖത്തേയ്ക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ലോകെ ഭീതിയിലാവുകയാണ്. ഉക്രൈനിലെ തന്തരപ്രധാനമായ ബാഖ്മൂത് പട്ടണം പിടിക്കാന്‍ വേണമെങ്കില്‍ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യയുടെ ഭീഷണി ലോകം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്.
മിസൈലുകളും റോക്കറ്റുകളുമേറ്റു തകര്‍ന്നു പ്രേതാലയമായ കെട്ടിടങ്ങള്‍, ബുള്ളറ്റുകളും ഷെല്ലുകളുമേറ്റു ചിതറിത്തെറിച്ചു കരിഞ്ഞുണങ്ങിയ മരങ്ങള്‍, തലയ്ക്കു മീതെ മരണം പതിയിരിക്കുന്ന, ചോരയും മഞ്ഞും വീണു കുഴഞ്ഞു ചെളിപ്പരുവമായ ട്രഞ്ചുകള്‍, യുദ്ധഭൂമിയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും, തകര്‍ന്ന വെടിക്കോപ്പുകളും ടാങ്കുകളും… രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിദമായ രംഗങ്ങള്‍ ആവര്‍ത്തിക്കുകയാണു യുക്രെയ്‌നിലെ ബാഖ്മുത് നഗരം. ഒരു വര്‍ഷത്തോളമായി തുടരുന്ന റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായി വിലയിരുത്തപ്പെടുന്ന ബാറ്റില്‍ ഓഫ് ബാഖ്മുത്’ യുക്രെയ്‌നിനും റഷ്യയ്ക്കും സമ്മാനിക്കുന്നതു സമാനതകളില്ലാത്ത നഷ്ടങ്ങളാണ്. ഇരുപക്ഷത്തും പ്രതിദിനം മരിച്ചുവീഴുന്നതു ആയിരകണക്കിനു പേര്‍.
പരുക്കേല്‍ക്കുന്നവര്‍ ഇതിന്റെ പലയിരട്ടി. യുക്രെയ്ന്‍ സൈനികര്‍ ഇതുവരെ ബാഖ്മുതില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. നഗരത്തിലെ ഓരോ തെരുവും ഓരോ വീടും പിടിച്ചടക്കും വരെ പോരാട്ടം തുടരുമെന്നാണ് റഷ്യയുടെ സ്വകാര്യ സൈനിക സംഘമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെഗുനി പ്രിഗോഷിന്‍ പറയുന്നത്. മരണങ്ങളും നാശനഷ്ടങ്ങളും വകവയ്ക്കാതെ യുക്രെയ്‌നും റഷ്യയും കൊമ്ബുകോര്‍ക്കുമ്ബോള്‍ ഉയരുന്ന ചോദ്യം, ഇരുകൂട്ടരും ഇത്ര ‘കനത്ത വില’ കൊടുക്കാന്‍ മാത്രം എന്തു പ്രത്യേകതയാണ് ബാഖ്മുതിന് എന്നതാണ്. വെറും ഉപ്പുഖനന പ്രദേശം മാത്രമാണ് ബാഖ്മുത് എന്നു പറഞ്ഞു യുക്രെയ്ന്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. എന്നാല്‍ ബാഖ്മൂത്തിലെ ഭൂമിക്കടിയില്‍ ഒരു നഗരമുണ്ടെന്നും അത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചാണ് റഷ്യ മുന്നേറുന്നത്.
ആള്‍നാശം ഭയന്ന് പലമേഖലകളില്‍ നിന്നും പിന്‍മാറിയ റഷ്യ ബാഖ്ൂത്തിനായി കൂടുതല്‍ കരുത്തോടെ നഷ്ടങ്ങളുടെ കണക്ക് നോക്കാതെ യുദ്ധമുഖത്താണ്.. അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍, പിടിച്ചെടുത്ത 25 ശതമാനത്തിലധികം യുക്രെയ്‌നിയന്‍ പ്രദേശങ്ങളുടെ നിയന്ത്രണം റഷ്യയ്ക്കു നഷ്ടമായിരുന്നു. കൂടാതെ സൈന്യത്തിനു കനത്ത ആള്‍നാശവും ആയുധ നഷ്ടവും നേരിടുകയും ചെയ്തു.ഇതിനെല്ലാം അറുതിവരുത്തിയാണ് റഷ്യന്‍ സ്വകാര്യ സൈനിക സംഘമായ വാഗ്‌നറിന്റെ നേതൃത്വത്തില്‍ റഷ്യയുടെ സോളേദാറിലെ വിജയം. സോളേദാറിലെ വിജയത്തിനു പിന്നാലെ സമീപജനവാസ മേഖലകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറ്റം തുടരുന്ന വാഗ്‌നര്‍ സംഘവും റഷ്യന്‍ സൈന്യവും മൂന്നു വശത്തുകൂടിയും ബാഖ്മുത്തിനെ വളഞ്ഞുകൊണ്ടിരിക്കുകയാണ്.
ഈ യുദ്ധം പുരോഗമിച്ചതോടെ ആധുനിക ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും രക്തരൂഷിതവും അതിതീവ്രവുമായ പോരാട്ടമാണ് ബാഖ്മുത് എന്ന ചെറുനഗരത്തിന്റെ 15 കിലോമീറ്റര്‍ പരിധി കേന്ദ്രീകരിച്ചു നടക്കുന്നത്. ആറുമാസമായി പോരാട്ടം തുടരുന്ന ബാഖ്മുതിന് ഇന്നു ‘മീറ്റ് ഗ്രൈന്‍ഡര്‍’ എന്നാണു പേരുവീണിരിക്കുന്നത്. വിളിപ്പേരുപോലെ തന്നെ ബാഖ്മുത്തില്‍ മനുഷ്യമാംസം പൊടിഞ്ഞമരുകയാണ്. അത്രയേറെ ആള്‍നാശമാണ് ഇരുപക്ഷവും നേരിട്ടുകൊണ്ടിരിക്കുന്നത്. ബാഖ്മുതില്‍ മാത്രം യുക്രെയ്ന്‍പക്ഷത്തെ പ്രതിദിന മരണസംഖ്യ മൂന്നക്കം കടന്നുവെന്നാണ് ജര്‍മന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്.
രണ്ടു ലോകമഹായുദ്ധങ്ങളെയും വെല്ലുന്ന ട്രഞ്ച് യുദ്ധമാണ് ബാഖ്മുതില്‍ അരങ്ങേറുന്നത്. ട്രഞ്ചുകളില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്കു പിന്തുണയുമായി പിന്‍നിരയില്‍ പീരങ്കികളും യുദ്ധടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ ഒളിഞ്ഞിരുന്നു പ്രതിരോധിക്കുന്ന യുക്രെയ്ന്‍ സൈനികരെ നേരിടാന്‍ മനുഷ്യത്തിരമാലകളെയാണ് വാഗ്‌നര്‍ സംഘം അയയ്ക്കുന്നതെന്നാണ് യുക്രെയ്ന്‍ പറയുന്നത്. ഒന്നിനു പിന്നാലെ ഒന്നായ് വരുന്ന റഷ്യന്‍ സംഘങ്ങള്‍ തെല്ലും മരണഭയമില്ലാത്തവരാണെന്നും യുക്രെയ്ന്‍ സൈനികര്‍ പറയുന്നു. മനുഷ്യത്തിരമാലകളായി അയയ്ക്കുന്ന സൈനികര്‍, വാഗ്‌നര്‍ സംഘം റിക്രൂട്ട് ചെയ്ത ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളാണെന്നു പാശ്ചാത്യ സൈനിക നിരീക്ഷകര്‍ പറയുന്നു.
30,000 സൈനികരുള്‍പ്പെടുന്ന 10 ബ്രിഗ്രേഡുകളെയാണ് ബാഖ്മുതിന്റെ പ്രതിരോധത്തിനായി യുക്രെയ്ന്‍ നിയോഗിച്ചിട്ടുള്ളത്. റഷ്യന്‍ പക്ഷത്ത് വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം പുറത്തുവന്നിട്ടില്ല. റെയില്‍-റോഡ് സംവിധാനത്തിന്റെയും ദേശീയ പാതകളുടെയും ഒരു പ്രാദേശിക സംഗമസ്ഥാനമാണ് ബാഖ്മുത്. റഷ്യയുടെ കടുത്ത യുദ്ധത്തെ തുടര്‍ന്നു ഒട്ടേറെ സൈനികര്‍ യുദ്ധമുഖത്തു നിന്നു പിന്‍മാറാനും ശ്രമിക്കുന്നുണ്ട്. ഇതോടെ, യുദ്ധത്തില്‍നിന്ന് ഉത്തരവ് അനുസരിക്കാതെ പിന്‍മാറുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്ത്രപ്രധാനമായ സ്ഥാനത്തിനു പുറമെ, ബാഖ്മുത് കൊണ്ടുനടക്കുന്ന ഒരു രഹസ്യമാണ് അവിടെ കടുത്ത പോരാട്ടം തുടരാന്‍ റഷ്യയെയും യുക്രെയ്‌നിനെയും പ്രേരിപ്പിക്കുന്നത്. . ബാഖ്മുതില്‍ സോവിയറ്റ് യൂണിയന്‍ പണികഴിപ്പിച്ചിട്ടുള്ള ‘അണ്ടര്‍ ഗ്രൗണ്ട് നഗര’മുണ്ടെന്നും , ഭൂമിക്കടിയില്‍ 80 മുതല്‍ 100 മീറ്റര്‍ ആഴത്തിലുള്ള ഈ രഹസ്യനഗരത്തില്‍ സൈനിക വാഹനങ്ങളും ആയുധങ്ങളും സംഭരിക്കാമെന്നും ഭാവിയില്‍ റഷ്യന്‍ ആയുധശേഖരത്തിന്റെയും ലോജിസ്റ്റിക് ശേഖരത്തിന്റെയും ഹബ്ബാക്കി ഈ നഗരത്തെ മാറ്റാന്‍ കഴിയുമെന്നുമാണ് റഷ്യയുടെ അവകാശവാദം. എന്നാല്‍ യുക്രെയ്ന്‍ ഈ വാദത്തെ നിരാകരിക്കുകയാണ്. നൂറു മൈല്‍ നീളമുള്ള തുരങ്ക ശൃംഖല ബാഖ്മുതിലുണ്ടെങ്കിലും അവിടെ നഗരമില്ലെന്ന് അവര്‍ പറയുന്നു. തുരങ്കങ്ങള്‍ ഉപ്പുഖനനത്തിനും ജിപ്‌സം ഖനനത്തിനുമായി നിര്‍മിച്ചതാണെന്നും യുക്രെയ്ന്‍ പറയുന്നു.
എന്നാല്‍ സോവിയേറ്റ് യൂണിയന്‍ ലോകമഹായുദ്ധ കാലത്ത് പലയിടങ്ങളിലും ഭൂമിക്കടിയില്‍ നഗരങ്ങളുണ്ടാക്കിയിരുന്നുവെന്നത് വസ്തുതയാണ്.