നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവം; കേസിന് താൽപര്യമില്ലെന്ന് കടയുടമ
നെട്ടൂർ: കൊച്ചിയിൽ വളർത്തുമൃഗങ്ങളുടെ കടയിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ. നെട്ടൂരിലെ പെറ്റ്സ് ഹൈവ് ഉടമ മുഹമ്മദ് ബാസിത്താണ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കേസിൽ കോടതിയിൽ ഹാജരാക്കിയ കർണാടക സ്വദേശികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. എഞ്ചിനീയറിങ് വിദ്യാർത്ഥികളായ ഇരുപത്തിമൂന്നുകാരായ നിഖിൽ, ശ്രേയ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മോഷ്ട്ടിച്ച നായ്ക്കുട്ടിയെ കടയുടമയ്ക്ക് കൈമാറി.
മോഷ്ട്ടിക്കപ്പെട്ട 15,000 രൂപ വിലവരുന്ന 45 ദിവസം പ്രായമായ സ്വിഫ്റ്റർ നായ്ക്കുട്ടിയെ കർണാടകയിലെ കർക്കലയിൽ നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. കഴിഞ്ഞ 28ന് വൈകിട്ട് ഏഴ് മണിയോടെയാണ് നിഖിലും ശ്രേയയും കേരളത്തിൽ വാരാന്ത്യം ആഘോഷിച്ച് ബൈക്കിൽ മടങ്ങുമ്പോൾ നെട്ടൂരിലെ കടയിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്ന് ചോദിച്ചാണ് കടയിൽ കയറിയത്. സംഭാഷണം ഹിന്ദിയിലായിരുന്നു. മാന്യമായ പെരുമാറ്റമായതിനാൽ കടയുടമയ്ക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. ജീവനക്കാരൻ പുറത്തുപോയപ്പോൾ കൂട് തുറന്ന് നായ്ക്കുട്ടിയെ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
നായ്ക്കുട്ടി ശബ്ദമുണ്ടാക്കിയില്ല. ആയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടില്ല. കൂട് തുറന്ന് പോയതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. പിന്നീട് സി.സി.ടി.വി പരിശോധിച്ച് മോഷണം സ്ഥിരീകരിച്ചു. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിക്കുള്ള ഭക്ഷണവും ഇവർ മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു കടയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഉടമ എത്തിയതോടെ 115 രൂപ ഗൂഗിൾ ചെയ്ത് മുങ്ങുകയായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ഇവരുവരെയും പിടികൂടിയത്. ഹിന്ദിയിലെ സംസാരം അന്വേഷണം കേരളത്തിന് പുറത്തേക്ക് നീങ്ങാൻ കാരണമായി. തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.