20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി; നിക്ഷേപകർക്ക് പണം തിരികെ നൽകും


ന്യൂഡൽഹി: 20,000 കോടി സമാഹരിക്കുന്നതിനായി അദാനി എന്‍റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) അദാനി ഗ്രൂപ്പ് റദ്ദാക്കി. ഓഹരി വിപണിയിൽ വൻ നഷ്ടം നേരിടുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന്റെ നാടകീയ തീരുമാനം.
വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് എഫ്പിഒ പിൻവലിക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
“ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാർമ്മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപ്പര്യമാണ് പരമപ്രധാനം. അതിനാൽ സംഭവിക്കാനിടയുള്ള സാമ്പത്തിക നഷ്ടത്തിൽ നിന്ന് അവരെ രക്ഷിക്കാൻ, എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു.” അദാനി എന്‍റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. എഫ്പിഒയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദാനി കൂട്ടിച്ചേർത്തു.