കെ എസ് കാലിത്തീറ്റ കഴിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റത് 104 പശുക്കള്‍ക്ക്
കോട്ടയം . കെ എസ് കാലിത്തീറ്റ കഴിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റത് 104 പശുക്കള്‍ക്ക്. തീവ്ര വയറിളക്കം, തീറ്റ മടുപ്പ്, മന്ദത എന്നിവയില്‍ നിന്ന് പശുക്കള്‍ അപകടനില തരണം ചെയ്തതു.ആര്‍പ്പൂക്കര, കൊഴുവനാല്‍, മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്ബുഴ, പാമ്ബാടി, കറുകച്ചാല്‍, വാഴൂര്‍ എന്നിവിടങ്ങളിലായി 28 കര്‍ഷകരുടെ പശുക്കള്‍ക്കാണ് അസുഖം ബാധിച്ചത്.
രോഗലക്ഷണമുള്ള പശുക്കള്‍ക്ക് നിര്‍ജ്ജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവര്‍ ടോണിക് എന്നിവയാണ് അതത് മേഖലകളിലെ വെറ്ററിനറി സര്ജന്മാര് നല്‍കിയത്. കര്‍ഷകരുടെ പരാതിയില്‍ ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ നിന്നുള്ള രണ്ട് വിദഗ്ദ്ധ സംഘങ്ങള്‍ പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സാമ്ബിളുകള്‍ ശേഖരിച്ചു. ചീഫ് വെറ്റിനറി ഓഫീസര്‍ മനോജ് കുമാര്‍, ജില്ലാ എപ്പിഡിമിയോളജിസ്റ്റ് എസ് രാഹുല്‍, ലാബ് ഓഫീസര്‍ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധന നടത്തിയത്. പശുക്കളുടെ രക്തം, ചാണകം, മൂത്രം എന്നിവയും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കന്നുകാലികളുടെ സാമ്ബിളുകള്‍ കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിലും കാലിത്തീറ്റ സാമ്ബിളുകള്‍ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസ് എന്നിവിടങ്ങളിലും പരിശോധിക്കും.