തൊടുപുഴയിലെ ബേക്കറി ഉടമയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു ; ഭാര്യ മരണപ്പെട്ടു

തൊടുപുഴ :ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ജെസ്സി (56) ആണ് മരിച്ചത്. തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ മരണത്തിനു കീഴടങ്ങി. ജെസ്സിയുടെ ഭര്‍ത്താവ് ആന്റണി (62), മകള്‍ സില്‍ന (20) എന്നിവരും വിഷം ഉള്ളില്‍ച്ചെന്ന് ഇതേ ആശുപത്രിയില്‍ തീവ്രപരിരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്‌തതായാണ് വിവരം. കുടുംബത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
ആന്റണിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയാണ്. പലരിൽനിന്നായി കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശികയുണ്ട്. ഇത്തരത്തിൽ പണം കൊടുക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയത് എന്ന് പറയുന്നു. ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലില്‍ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്. ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ബക്കളം പാറയ്‍ക്കല്‍ പരേതനായ ആന്റണിയുടെയും ഫിലോമിനയുടെയും മകളാണ് ജെസ്സി. സംസ്‍കാരം ഇന്ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.
















































































































