മെക്സിക്കോയിൽ 27-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ
ന്യൂ മെക്സിക്കോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമയുടെ ജന്മദിനാഘോഷത്തിന് സാക്ഷിയായി ന്യൂ മെക്സിക്കോ. ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ ഗുരുവായ ദലൈലാമയുടെ പേരുമായി മാത്രമാണ് ഈ ലാമയ്ക്ക് സാദൃശ്യമുള്ളത്. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരു വളർത്തുമൃഗമാണ് ഈ ലാമ. തെക്കേ അമേരിക്കൻ ഒട്ടകമെന്നും ഇവ അറിയപ്പെടുന്നു. ഇവ സാമൂഹിക മൃഗങ്ങളാണ്. മനുഷ്യരുമായി വളരെ അടുത്തിടപഴകുന്നവയാണ് ഇവർ.
ലാമകളുടെ സാധാരണ പ്രായം 15-20 ആണ്. ഇതാണ് ലാമയുടെ വീട്ടുടമസ്ഥരായ ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിലെ സ്ട്രെയിറ്റ് കുടുംബത്തെ ജന്മദിനം ആഘോഷിക്കാൻ പ്രേരിപ്പിച്ചത്. ഔദ്യോഗികമായി ദലൈലാമ എന്നാണ് ലാമയ്ക്ക് പേര് നൽകിയിരിക്കുന്നതെന്നും ഉടമ ആൻഡ്രൂ തോമസ് പറഞ്ഞു. ലാമയുടെ 27-ാം ജന്മദിനത്തിൽ ഗിന്നസ് ബുക്കുകാരെ ക്ഷണിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ എന്ന അവാർഡിന് പരിഗണിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നു അത്.
ഒറ്റക്കണ്ണുള്ള ലാമ ആൻഡ്രൂ തോമസ്, കീ സ്ട്രെയിറ്റ്, മകൾ സമിബ സാമി സ്ട്രെയിറ്റ് എന്നിവരടങ്ങുന്ന കുടുംബത്തിലെ അംഗമാണ്. ലാമ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണെന്ന് അവർ തുറന്ന് പറയുന്നു. ജന്മദിനത്തിന് സുഹൃത്തുക്കളെ ക്ഷണിക്കുകയും ഒരു ചെറിയ പാർട്ടി നടത്തുകയും ചെയ്തു. ആഘോഷത്തിനിടെ ’27’ എന്നെഴുതിയ കേക്കും മുറിച്ചു. മാത്രമല്ല, ലാമയുടെ സുഹൃത്തായ നൈജീരിയൻ കുള്ളൻ ആട് ഗെലാറ്റോയും ആഘോഷത്തിൽ പങ്കെടുത്തു.