വെടിക്കെട്ട് പുരയിൽ പൊട്ടിത്തെറി, ഒരാളുടെ നില അതീവഗുരുതരം
തൃശൂര്‍/ വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ വന്സ്ഫാേടനത്തില് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.പാലക്കാട് ആലത്തൂര്‍ കാവശ്ശേരി കലാമണി പരമേശ്വരന് ഗുരുക്കളുടെ മകന് മണികണ്ഠനാണ് (55) പരിക്കേറ്റത്. സ്ഫോടനത്തെ തുടര്‍ന്ന് 10 കിലോമീറ്ററോളം ചുറ്റളവില്‍ ഭൂകമ്ബസമാനമായ പ്രകമ്ബനവും വെടിക്കെട്ടുപുര നിന്നിടത്ത് വന്‍ ഗര്‍ത്തവുമുണ്ടായി. കുണ്ടന്നൂരിലെ നിരവധി വീടുകള്‍ക്കും തൊട്ടടുത്തുള്ള സ്കൂളിനും കേടുപാടുണ്ടായി. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു അപകടം. സംഭവസമയത്ത് മണികണ്ഠന് മാത്രമാണ് വെടിക്കെട്ടു പുരയില്‍ ഉണ്ടായിരുന്നത്. 90 ശതമാനത്തിലേറെ പൊളളലേറ്റ മണികണ്ഠന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുണ്ടന്നൂര്‍ ശ്രീനിവാസന്റെ പേരിലാണ് ലൈസന്‍സ്.
വെടിക്കെട്ട് സാമഗ്രികള്‍ക്ക് ചൂടുകൂടിയതോടെ തീപിടിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് പ്രാഥമിക നിഗമനം. സാമഗ്രികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ തീപ്പൊരിയുണ്ടായതായി സംശയിക്കുന്നതായും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.