San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നദികളിൽ സർക്കാർ പ്രഖ്യാപിച്ച മണൽ വാരൽ നടപടി നീളുന്നു; നിർമാണ മേഖലയിൽ പ്രതിസന്ധി, വൈദ്യുതോൽപാദനത്തെയും ബാധിക്കുന്നു



അടിമാലി ∙ അണക്കെട്ടുകളിലും നദികളിലും സർക്കാർ പ്രഖ്യാപിച്ച മണൽ വാരൽ നടപടി നീളുന്നു. നിർമാണ മേഖലയുടെ ഉയർത്തെഴുന്നേൽപിനും വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിനും സഹായകരമായി മാറുമായിരുന്ന പ്രഖ്യാപനമാണ് നടപ്പിലാക്കാത്തത്. ജില്ലയിലെ വിവിധ അണക്കെട്ടുകളിൽ മണലും എക്കലും അടിഞ്ഞു കിടക്കുന്നതിനാൽ വെള്ളത്തിന്റെ സംഭരണശേഷി വൻതോതിൽ കുറഞ്ഞത് വൈദ്യുതോൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇതോടൊപ്പം മണൽ ലഭിക്കാത്ത സാഹചര്യത്തിൽ നിർമാണ മേഖലയിലെ പ്രതിസന്ധിയും രൂക്ഷമായി തുടരുന്നു. തൊഴിലാളികളുടെ ദുരിതവും വർധിക്കുകയാണ്. ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല, പൊന്മുടി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലും പെരിയാർ, ചിന്നാർ ഉൾപ്പെടുന്ന നദികളിലും വൻതോതിലുള്ള മണൽ ശേഖരമാണ് അടിഞ്ഞു കിടക്കുന്നത്.ഒരു പതിറ്റാണ്ടു മുൻപു വരെ അണക്കെട്ടുകളിൽ നിന്നും പ്രധാന നദികൾ, പുഴകൾ എന്നിവയിൽ നിന്നും മണൽ വാരി വിൽപന നടത്തുന്നതിന് ജിയോളജി–റവന്യു വകുപ്പുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു.

മണൽവാരൽ നിലച്ചതോടെ വിവിധ അണക്കെട്ടുകളിൽ മണലും ചെളിയും അടിഞ്ഞു കൂടി വെള്ളത്തിന്റെ സംഭരണ ശേഷി പകുതിയിലേറെ ചുരുങ്ങി. ഇതെത്തുടർന്ന് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടാണ്. കല്ലാർകുട്ടി അണക്കെട്ടിൽ ചെളിയും മണലും എക്കലും അടിഞ്ഞ് വെള്ളത്തിന്റെ സംഭരണശേഷി വലിയ അളവിലാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇവിടെ നിന്നു വെള്ളമെത്തിച്ച് വൈദ്യുതോൽപാദനം നടത്തുന്ന നേര്യമംഗലം വൈദ്യുത നിലയത്തിന്റെ പ്രവർത്തനം കാലവർഷത്തിലും പ്രതിസന്ധിയിലാണ്. കല്ലാർകുട്ടിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 79 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ നേര്യമംഗലം വൈദ്യുത നിലയത്തിന് കഴിയും. 18 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. കാലവർഷത്തിൽ വെള്ളം പാഴാകുന്നത് തടയാൻ 25 മെഗാവാട്ടിന്റെ മറ്റൊരു ജനറേറ്റർ കൂടി സ്ഥാപിക്കുകയായിരുന്നു. എന്നാൽ അണക്കെട്ടിലെ സംഭരണശേഷി കുറഞ്ഞതോടെ പൂർണ തോതിലുള്ള വൈദ്യുതോൽപാദനം നടക്കുന്നില്ല.ലോവർ പെരിയാർ അണക്കെട്ടിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ചെളിയും മണലും എക്കലും അടിഞ്ഞു കൂടി കിടക്കുന്നത് ഇവിടെ നിന്നുള്ള വൈദ്യുതോൽപാദനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കല്ലാർകുട്ടി അണക്കെട്ടിൽനിന്ന് മണൽ വാരി വിൽപന നടത്തിയിരുന്ന സമയത്ത് 4 കടവുകളിൽ‍ മാത്രം ആയിരത്തോളം തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചിരുന്നു. സർക്കാർ മണൽവാരൽ നിരോധിച്ചതോടെ ജില്ലയിലെ നിർമാണ മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. സമീപ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ മണൽ എത്തിക്കുന്നത്. അവിടെ നിന്ന് എത്തിക്കുന്ന മണലിന്റെ വില സാധാരണക്കാരനു താങ്ങാനാവുന്നതല്ല. ഇതോടെ സർക്കാരിന്റെ വിവിധ ഭവന പദ്ധതികൾ പൂർത്തിയാക്കാനാകാതെ മുടങ്ങിക്കിടക്കുന്നതും വർധിച്ചു വരികയാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button