വിവാദ പ്രബന്ധം: പിഎച്ച്ഡി പിൻവലിക്കാനോ തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല
തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകളും കോപ്പിയടി ആരോപണവും പരിശോധിക്കും. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ പിശക് തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.
കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ.മോഹനൻ കുന്നുമ്മൽ, ഗവേഷണ പ്രബന്ധത്തിനെതിരെയുള്ള പരാതികൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകൾ പരിശോധിക്കേണ്ടതുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനത്തിന്‍റെ ഭാഗങ്ങൾ പ്രബന്ധത്തിലുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഇത് പരിശോധിക്കാൻ വി.സിക്ക് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാം. ഈ വിഷയവും പരിഗണനയിലാണ്.
ചിന്തയുടെ ഗൈഡായിരുന്ന പി.പി അജയകുമാറിനെ മെന്‍റർഷിപ്പിൽ നിന്നും ടീച്ചർ ട്രെയിനിംഗ് സെന്‍റർ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് വി.സിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയിൽ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ട്. ഗവർണറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് നിയമവശങ്ങൾ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക.