ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി പിൻവലിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി. ഹൈക്കോടതി രജിസ്ട്രിയിൽ നിയമലംഘനം നടന്നുവെന്നാണ് പരാതിയിലെ ആരോപണം.
പ്രോസിക്യൂട്ടർമാർ ഒത്തുകളിച്ചതായും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ചീഫ് ജസ്റ്റിസിന്‍റെ റോസ്റ്റർ മറികടന്ന് മറ്റൊരു ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത് ദുരൂഹമാണ്. നിയമപ്രകാരം അപ്പീലായി മാത്രം നൽകേണ്ട ജാമ്യാപേക്ഷ നേരിട്ട് പരിഗണിച്ചതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥരും ജാമ്യ മാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
സൈബി ഹാജരായ രണ്ട് കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി പിൻവലിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ ഹർജിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നടപടി. പതിനൊന്ന് പ്രതികളാണ് വിവിധ കേസുകളിലായി ജാമ്യം നേടിയത്.