ചരിത്രമുറങ്ങുന്ന പീരുമേട് അമ്മച്ചി കൊട്ടാരവും, പരിസര പ്രദേശങ്ങളും സഞ്ചാരികൾക്ക് എന്നും വിസ്മയമാണ്
ഈ ചരിത്ര അവശേഷിപ്പ് സംരക്ഷിക്കാൻ ബന്ധപെട്ടവർക്ക് ആകുന്നില്ല എന്നതിന്റെ നേർ ചിത്രം ഇവിടെ എത്തിയാൽ മനസിലാക്കും.
നിരവധി സിനിമകൾക്ക് ഉൾപെടെ കൊട്ടാരം വേദിയായിതിനാൽ നിരവധി പേരാണ് ഇവിടെ എത്തി മടങ്ങുന്നത്.
കൊട്ടാരക്കര- ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്ത് നിന്നും ഒരു കിലോമീറ്റർ യാത്ര ചെയ്‌താൽ ഈ കാട്ടുപാതയിലേക്ക് കടക്കാം. രണ്ടു കിലോമീറ്റർ നീണ്ട യാത്രയിൽ ചെന്നെത്തുന്നത് കാട് പിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന അമ്മച്ചിക്കൊട്ടാരത്തിലേക്കാണ്. കൂറ്റന്‍ മരങ്ങള്‍ക്ക് നടുവില്‍ കൗതുകവും ദുരൂഹവുമായ നാലുകെട്ടും,ഇടവഴികളും,വലിയ മുറികളും നിറഞ്ഞ വലിയൊരു കെട്ടിടമാണിത്.
ഇരുന്നൂറിലധികം വർഷങ്ങൾ പഴക്കമുള്ള ഈ കൊട്ടാരം തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസിതിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ കൊട്ടാരമുള്ളത്. ഫഹദ് ഫാസില്‍ നായകനായി പ്രശസ്ത ചായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത് കാര്‍ബണ്‍, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ചിത്രീകരിച്ചതിനെ തുടർന്നാണ് കൊട്ടാരത്തിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങിയത്.
തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്ന പേര് വന്നത്. വിശാലമായ ദര്‍ബാര്‍ ഹാളും മഹാരാജാവിന്റെ മന്ത്രമണ്ഡപവും കുതിരാലായവും ഭൂഗര്‍ഭപാതകളും കളിസ്ഥലവും കൽകുളവും കൊട്ടാരത്തിന്റെ ഭാഗമായി പണിതിരുന്നു. ബ്രിട്ടിഷ് അധിനിവേശ കാലത്ത് ചരിത്ര പ്രാധാന്യമായ രാജകീയ തീരുമാനങ്ങള്‍ ഊരിത്തിരിഞ്ഞത് ഈ കൊട്ടാരത്തിൽ നിന്നാണ്. പാചകശാലയ്ക്കു പിന്നിലുള്ള ഭൂഗർഭപാതകളുടെ തുടക്കം ഇപ്പോള്‍ അടഞ്ഞ നിലയിലാണ്. ഇതിൽ ഒരു തുരങ്കം ചെന്നെത്തുന്നത് മൈലുകൾക്കകലെയുള്ള പീരുമേട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര പരിസരത്താണ്. ചിദംബരം പിള്ള മെമ്മോറിയൽ സ്‌കൂളിന് സമീപം ഇന്നും ഇതിന്റെ ശേഷിപ്പുകൾ ഉണ്ട്.
വർഷങ്ങൾക്ക് മുൻപ് അത്യാഡംബരം നിറഞ്ഞ കെട്ടിടമായിരുന്ന കെട്ടിടം ഇന്ന് ജീർണാവസ്ഥയിലാണ്. പട്ടു പരവതാനികളും, വിലമതിക്കാനാവാത്ത ഛായാചിത്രങ്ങളും, തടി ഉപകരണങ്ങളും പഴയ തലമുറയുടെ ഓർമയിൽ ഇന്നുമുണ്ട്. മാർബിളിൽ തീർത്ത വാഷ് ബേസിൻ മാത്രമാണ് ആകെയുള്ള ശേഷിപ്പ്. ചരിത്ര ശേഷിപ്പുകളും രാജകീയ ഭരണത്തിന്റെ സ്മരണകളും നിറഞ്ഞ പ്രദേശം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കൊട്ടാരത്തിന്‍റെ ഉടമസ്ഥതയെ കുറിച്ച് ഉണ്ടായ തർക്കങ്ങൾ വർഷങ്ങൾക്ക് മുൻപ് വിവാദമായിരുന്നു.