ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു
അബൂദബി: ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു.ഇന്ത്യയുടെ സംസ്‌കാരിക വൈവിധ്യങ്ങളും രുചിപ്പെരുമയും പരിചയപ്പെടുത്തുകയാണ് ഉത്സവിലൂടെ ലക്ഷ്യമിടുന്നത്.
ഫെബ്രുവരി ഒന്നു വരെ നീളുന്ന ഉത്സവില്‍ 2000ത്തിലേറെ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ഒരുക്കിയിരിക്കുന്നത്. ഇഷ്ടവിഭവങ്ങളും ഉല്‍പന്നങ്ങളും കുറഞ്ഞ നിരക്കില്‍ വാങ്ങാം.ഭാഗ്യ നറുക്കെടുപ്പില്‍ പങ്കെടുത്ത് സ്വര്‍ണ സമ്മാനവും സ്വന്തമാക്കാം.
ഇന്ത്യയും യു.എ.ഇയും തമ്മിലെ സാംസ്‌കാരിക, വാണിജ്യ വിനിമയം ശക്തിപ്പെടുത്തുന്നതിന് ലുലു ഇന്ത്യന്‍ ഉത്സവ് സഹായകമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. അബൂദബി അല്‍വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സൈഫി രൂപാവാല ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 100 ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കെടുത്ത് 50 ഗ്രാം വീതം 60 ജേതാക്കള്‍ക്കാണ് മൊത്തം മൂന്നു കിലോ സ്വര്‍ണം സമ്മാനിക്കുക.
ഈ പ്രമോഷന്‍ മാര്‍ച്ച് 18 വരെ തുടരും. ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡും സമ്മാനമായി നല്‍കുന്നുണ്ട്. ഓണ്‍ലൈനായി സാധനം വാങ്ങുന്നവരെയും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഉത്സവിന്‍റെ ഭാഗമായി അബൂദബി അല്‍വഹ്ദ മാളില്‍ ശനിയാഴ്ച രാത്രി നടി മഞ്ജു വാര്യര്‍ അതിഥിയായി എത്തിയിരുന്നു.