വാട്സ്ആപ്പ് വഴി യുവതിയെ അപമാനിച്ചതിന് കട്ടപ്പനയിലെ സ്വകാര്യ വിനോദ ചാനൽ ഉടമയ്ക്കെതിരെ കേസ്
സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന സന്ദേശം അയച്ചതിന് കട്ടപ്പനയിലെ സ്വകാര്യ ചാനൽ ഉടമയ്ക്കെതിരെ കേസ്.ഇതേ ചാനലിലെ മുൻജീവനക്കാരിയാണ് പരാതിക്കാരി.കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രദേശിക ചാനലായ റെഡ് ഐ എന്റർടൈൻമെന്റ്സ് ഉടമ ഷിനു ജോൺ ഞള്ളാനിക്കെതിരെയാണ് 24കാരിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തിരിക്കുന്നത്.ഇയാളുടെ ചാനലിലെ അവതാരകയായിരുന്ന യുവതിയെ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പ്രതി അപമാനിച്ചത്.ആരോപണ വിധേയനെ കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നെങ്കിലും സർക്കിൾ ഇൻസ്പെക്ടർ ഇയാൾക്കെതിരെ കേസെടുക്കുവാൻ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.ഇതേ തുടർന്ന് യുവതി ഡി ജി പിയ്ക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 22 ന് അർദ്ധ രാത്രിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. കൊച്ചിയിൽ ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞാണ് പരസ്യ കമ്പനി ഉടമ യുവതിയുടെ വാട്സാപ്പിൽ സന്ദേശം അയച്ചത്.ഷൂട്ടിന് വരണമെന്നും ഒരു ദിവസം തന്റെ കൂടെ നിൽക്കണമെന്നും പണമെത്രയാണ് വേണ്ടതെന്ന് പറഞ്ഞാൽ മതിയെന്നുമാണ് ഉടമ മെസ്സേജിലൂടെ യുവതിയോട് ആവശ്യപ്പെട്ടത്.
ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.സംഭവത്തിൽ ഐ പി സി ആക്ട് പ്രകാരമാണ് ചാനൽ ഉടമയ്ക്കതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.