മോഷ്ടിച്ച സ്റ്റീരിയോയുമായി ഉടമയായ പൊലീസുകാരന്‍റെ മുന്നിൽ കുടുങ്ങി കള്ളൻ
തിരുവനന്തപുരം: കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്‍റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെ പട്ടം പ്ലാമൂട് റോഡിന് സമീപമായിരുന്നു സംഭവം.
കൺട്രോൾ റൂമിലെ പൊലീസുകാരനും സിനിമാതാരവുമായ ജിബിൻ ഗോപിനാഥിന്‍റെ കാറിൽ നിന്നാണ് ഇയാൾ സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചത്. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ മടത്തോട്ടുവിള മഹേഷ് ഭവനില്‍നിന്ന് ആനയറ കടകംപള്ളി റോഡില്‍ സന്ധ്യാഭവനില്‍ താമസിക്കുന്ന നിതീഷ് (24) ആണ് പിടിയിലായത്. പ്രമുഖ കാർ ഷോറൂമിലെ ജീവനക്കാരനാണ് നിതീഷ്. സഹോദരന്‍റെ ഓട്ടോയിലാണ് മോഷണത്തിന് എത്തിയത്.
വാഹനം മതില്‍ക്കെട്ടിനകത്തേക്ക് കടക്കാത്തതിനാൽ ജിബിന്‍റെ കാർ പ്ലാമൂട് റോഡിന് സമീപത്തെ ഇടവഴിയിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങാൻ പുറത്തേക്ക് നടക്കുമ്പോഴാണ് കാറിനെ മറയ്ക്കുന്ന തരത്തില്‍ നിർത്തിയിട്ടിരുന്ന ഓട്ടോ കണ്ടത്. അടുത്തെത്തിയപ്പോൾ കാറിന്‍റെ ഡ്രൈവർ സീറ്റിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. മിനിറ്റുകൾക്കകം കാറിന്‍റെ സ്റ്റീരിയോയും മോണിറ്ററും ക്യാമറയും ഊരിമാറ്റി പുറത്തിറങ്ങി. എന്താണെന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു കള്ളന്‍റെ മറുപടി. കാറിന്‍റെ ഉടമ ജിബിനാണെന്ന് മനസ്സിലായില്ല. എന്തിനാണ് അത് എടുത്തതെന്ന് ചോദിച്ചപ്പോൾ മോഷ്ടിച്ച സാധനങ്ങൾ ജിബിന് കൈമാറി രക്ഷപ്പെടാനും ശ്രമിച്ചു. ഇതോടെ ജിബിന്‍ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.