ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു
ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. നേരത്തെ, മന്ത്രിക്ക് മേലുള്ള പ്രീതി ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരണം. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കായി വിവിധ ജില്ലകളിലായതിനാല്‍ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തെഴുതുകയായിരുന്നു. നിയമന അധികാരി എന്നനിലയില്‍ പ്രീതി നഷ്ടപ്പെട്ടതിനാല്‍ മന്ത്രിയെ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. കേരള സര്‍വ്വകലാശാലയിലെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.