ഹൈവേയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കപ്പെടുന്നു; പരാതി:
ഇടുക്കിയിൽ മലയോര ഹൈവേയുടെ നിർമ്മാണ സാമഗ്രികൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നു. ഏലപ്പാറക്കും നാലാം മൈലിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് മോഷണം. രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക കണക്ക്.മലയോര ഹൈവേയുടെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാകാനിരിക്കെയാണ് നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കപ്പെടുന്നത് പതിവായത്. റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന ക്രാഷ് ബാര്യറുകളും അനുബന്ധ വസ്തുക്കളും ആണ് നഷ്ടപ്പെട്ടത്. കൂടാതെ കോൺക്രീറ്റ് മിശ്രിതത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന കാസ്റ്റ് അയൺ നിർമ്മിതമായ ക്യൂബ് 25 എണ്ണവും നഷ്ടപ്പെട്ടു. റോഡിൽ അപായ മുന്നറിയിപ്പുകൾ നൽകുന്ന ബോർഡുകളും കാണാതായവയിൽ ഉൾപ്പെടുന്നുണ്ട്.രാത്രിയുടെ മറവിലാണ് മോഷണം.
ഗുജറാത്തിൽ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചവയാണ് ക്രാഷ് ബാരിയറുകൾ . ഇവ കൊണ്ടുവരാൻ തന്നെ വലിയ ചെലവാണ്. നഷ്ടപ്പെട്ടവക്ക് പകരമായി പുതിയ ക്രാഷ് ബാരിയറുകൾ എത്തിക്കാൻ ഇരട്ടി പണം മുടക്കേണ്ട അവസ്ഥയാണ് കരാർ കമ്പനിക്ക് . തെരുവത്ത് ബിൽഡേഴ്സ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്. മോഷണം പതിവായതോടെ കമ്പനി അധികൃതർ പീരുമേട് പോലീസിൽ പരാതി നൽകി.