വേനല്‍ കനത്തതോടെ മലയോരം കാട്ടുതീ ഭീഷണിയില്‍
അടിമാലി: വേനല്‍ കനത്തതോടെ മലയോരം കാട്ടുതീ ഭീഷണിയില്‍. കാടും പുല്‍മേടുകളുമൊക്കെ കരിഞ്ഞുണങ്ങി പലയിടങ്ങളിലും തീപടര്‍ന്ന് തുടങ്ങി.കഴിഞ്ഞദിവസം അടിമാലി തലമാലി മേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നു. ഇക്കുറി വേനല്‍മഴ ലഭിക്കാതെവന്നതാണ് പുല്‍മേടുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
വനവും കൃഷിയിടങ്ങളും സംരക്ഷിക്കാന്‍ നേരത്തേ വനംവകുപ്പ് വിപുലമായ പല പദ്ധതികളും വേനല്‍ കടുക്കുന്നതിന് മുമ്ബ് സ്വീകരിക്കുമായിരുന്നു. കാടുകളുടെ അതിര്‍ത്തിയില്‍ ഫയര്‍ലൈന്‍ തീര്‍ക്കുക, ഫയര്‍ വാച്ചര്‍മാരെ നിയമിക്കുക തുടങ്ങിയവയായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍. കാട്ടുതീ എല്ലാ വര്‍ഷവും വലിയ നാശം വിതക്കുന്ന നേര്യമംഗലം, അടിമാലി, മറയൂര്‍, കാന്തലൂര്‍, മാങ്കുളം, ആനകുളം, ദേവികുളം റേഞ്ചുകളിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
എന്നാല്‍, ഇക്കുറി കാര്യമായ ഒരു പ്രവര്‍ത്തനവും ഈ റേഞ്ചുകളില്‍ നടത്തിയിട്ടില്ല. ചന്ദനമരങ്ങള്‍ നിറഞ്ഞ മറയൂരിലും ചിന്നാര്‍ വന്യജീവി സങ്കേതങ്ങളുമാണ് എല്ലാ വര്‍ഷവും തീപടരുന്ന പ്രധാന സ്ഥലങ്ങള്‍. കാട്ടുതീ പ്രതിരോധത്തിന് വലിയ പ്രാധാന്യമുള്ള ഇവിടെ ഇതുവരെ മുന്നൊരുക്കം ആരംഭിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലുണ്ടായ കാട്ടുതീ അപകടങ്ങളില്‍ കോടികളുടെ ചന്ദനം അഗ്നിക്കിരയായിരുന്നു. തീ പടര്‍ന്നാല്‍ അണക്കാന്‍ പ്രയാസമുള്ള മാങ്കുളം റേഞ്ചിലും മുന്നൊരുക്കം നടത്തിയിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ പാര്‍വതി മലയില്‍ തീപടര്‍ന്നിട്ട് മാസത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രിച്ചത്. ധാരാളം പക്ഷിമൃഗാദികള്‍ വെന്തുമരിച്ച തീപിടിത്തങ്ങളുണ്ടായ ഇവിടെ ലാഘവത്തോടെയാണ് വനംവകുപ്പ് പ്രവര്‍ത്തിക്കുന്നത്. കൊന്നത്തടി, അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, വട്ടവട പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ എല്ലാ വര്‍ഷവും കാട്ടുതീ പടരുന്നത് പതിവാണ്. കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലും ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.