ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് നടപടി. വിനോദ് തോമറിനെ കായിക മന്ത്രാലയമാണ് സസ്പെൻഡ് ചെയ്തത്.
ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റാങ്കിംഗ് മത്സരങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. മത്സരാർത്ഥികളിൽ നിന്ന് വാങ്ങിയ പ്രവേശന ഫീസ് തിരികെ നൽകും. മേൽനോട്ട സമിതിയെ ഔപചാരികമായി നിയമിക്കുന്നതുവരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ നീക്കത്തോടെ ഞായറാഴ്ചത്തെ ഫെഡറേഷൻ യോഗം അപ്രസക്തമായി. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണിന്റെ രാജി ഉടൻ ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. ബ്രിജിനും പരിശീലകർക്കുമെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം വ്യക്തിപരമായ താൽപ്പര്യമുള്ളതാണെന്ന് ഫെഡറേഷൻ കായിക മന്ത്രാലയത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.