കാന്തല്ലൂരില്‍ പരമ്പരാഗതമായി തുടരുന്ന പുല്‍കൃഷിയും അതില്‍നിന്നുള്ള പുല്‍തൈല നിര്‍മാണവും ഏറെ പ്രശസ്തമാണ്
മറയൂര്‍: കാന്തല്ലൂരില്‍ പരമ്പരാഗതമായി തുടരുന്ന പുല്‍കൃഷിയും അതില്‍നിന്നുള്ള പുല്‍തൈല നിര്‍മാണവും ഏറെ പ്രശസ്തമാണ്.മേഖലയിലെ 70 ശതമാനം ആദിവാസികളുടെയും ജീവിതമാര്‍ഗമാണ് പുല്‍തൈലം വാറ്റ്. മറയൂര്‍ കാന്തല്ലൂര്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയില്‍ ധാരാളംപേര്‍ പുല്‍കൃഷി ചെയ്തുവരുന്നുണ്ട്. ഇപ്പോഴും 600 ഏക്കറിലധികം സ്ഥലത്ത് പുല്‍കൃഷിയുണ്ടെന്നാണ് കണക്കുകള്‍. ആദിവാസി കോളനികള്‍ക്ക് സമീപത്തുള്ള മലനിരകളില്‍ വളരുന്ന പുല്ലില്‍നിന്ന് വാറ്റിയെടുക്കുന്ന തൈലംകൊണ്ട് നിരവധി സുഗന്ധദ്രവ്യങ്ങളാണ് വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസായ കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നത്. സോപ്പ് നിര്‍മാണം, ഫിനോയില്‍, കോള്‍ഡ് റബ്, റൂം സ്പ്രേ എന്നിവയാണ് ഇതുകൊണ്ട് കൂടുതലും ഉല്‍പാദിപ്പിക്കുന്നത്.പുല്‍തൈലത്തിന്റെ ഗുണമേന്മ കണക്കാക്കുന്ന അളവുകോലാണ് സിട്രാള്‍ എന്നത്. ഈ മേഖലയിലെ പുല്‍തൈലത്തിന് 70 മുതല്‍ 85വരെ സിട്രാള്‍ ലഭിക്കുന്നുണ്ട്. സീസണ്‍ സമയങ്ങളില്‍ 90ന് മുകളില്‍ സിട്രാള്‍ ലഭിക്കുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രധാനമായും ആദിവാസികളാണ് പുല്‍തൈലം വാറ്റുന്നത്. സ്വകാര്യ വ്യക്തികളും കച്ചവടക്കാരും ഇടനിലക്കാരായിനിന്ന് തൈലം വാറ്റുന്ന ആദിവാസികള്‍ക്ക് അവരുടെ ആവശ്യാനുസരണം തുക മുന്‍കൂറായി നല്‍കും. തൈലം വാറ്റി അതുമായെത്തുമ്ബോള്‍ വിലനല്‍കിയാണ് തൈലം ഇടനിലക്കാര്‍ ശേഖരിക്കുന്നത്. ഒരു ചെമ്ബ് പുല്‍ വാറ്റിയാല്‍ ശരാശരി ലഭിക്കുന്നത് അരക്കിലോ മുതല്‍ ഒരു കിലോ തൈലമാണ് ലഭിക്കുന്നത്. ഒരുകിലോ തൈലം വാറ്റിയെടുക്കാന്‍ രണ്ടരമണിക്കൂര്‍ വേണം. ഒരുകിലോ പുല്‍തൈലത്തിന് 2000 രൂപ മുതല്‍ 2250രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്. നിലവില്‍ വിറകിന്റെ അഭാവമാണ് ഈ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദിവാസികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരായ കച്ചവടക്കാരെ ഒഴിവാക്കി വനംവകുപ്പിന്റെ ചില്ലപോലുള്ള ലേലവിപണി വഴി പുല്‍തൈലം വിറ്റഴിച്ച് ന്യായവില ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.