സ്ത്രീ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം. മെറ്റയുടെ ഓവർസൈറ്റ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. മാറിടം പ്രദർശിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയത് ഫെയ്സ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ഓവർസൈറ്റ് ബോർഡ് നിരീക്ഷിച്ചിരുന്നു.
സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ഉൾപ്പെടെയുള്ള വിഭാഗങ്ങളെ അവഹേളിക്കുന്നതാണ് നിരോധനമെന്നും ബോർഡ് വിലയിരുത്തി. ‘ഫ്രീ ദി നിപ്പിൾ’ എന്ന പ്രചാരണവും പ്രതിഷേധങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചത്. കാലങ്ങൾ നീണ്ട പോരാട്ടത്തിനാണിപ്പോൾ ഫലം കണ്ടത്.
സ്ത്രീയുടെ നഗ്ന സ്തനങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മാത്രമല്ല കമ്മ്യൂണിറ്റി സ്റ്റാൻഡേഡ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്. ചിത്രകാരൻ്റെ വരയിൽ സ്ത്രീയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കിൽ പോലും നേരത്തെ ആ ചിത്രം നീക്കപ്പെടുമായിരുന്നു.
ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കോ വാർത്തകളുമായി ബന്ധപ്പെട്ടതോ വിദ്യാഭ്യാസപരമായതോ ആയ ആവശ്യങ്ങൾക്കുള്ള ഉള്ളടക്കത്തിൽ പോലും സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിയന്ത്രണങ്ങളിൽ ഒരു പരിധിവരെ ഇളവ് വരുത്തി. അതനുസരിച്ച്, മുലയൂട്ടൽ ചിത്രങ്ങൾ, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങൾ, ആരോഗ്യ അവസ്ഥകൾ എന്നിവ ഉൾപ്പെടുന്ന ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ അനുമതിയായി.